
നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിലെ താരമാണ്. സൗഭാഗ്യ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഞൊടിയിട കൊണ്ടാണ് ശ്രദ്ധ നേടാറുള്ളതും. ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് ഇപ്പോൾ സൗഭാഗ്യയും ഭര്‍ത്താവ് അർജുനും തങ്ങളുടെ വിശേഷങ്ങൾ പ്രധാനമായും ആരാധകരോട് പങ്കുവെക്കാറുള്ളത്. വീട്ടിലെ വിശേഷങ്ങളും ഡാൻസ് ക്ലാസിലെ കാര്യങ്ങളും മകളെക്കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഇപ്പോൾ പുതിയതായി താമസം മാറിയ വാടകവീട്ടിലെ ദൈനംദിനജോലികൾ ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോയും വൈറലാകുകയാണ്. പണം ഉള്ളവർ എല്ലാ കാര്യത്തിനും പണിയ്ക്ക് ആളെ വെച്ച് ചെയ്യിക്കുന്നതാണെന്നാണ് കരുതിയതെന്നും പക്ഷേ ഈ വീഡിയോ കണ്ട് അതിശയം തോന്നുന്നു എന്നുമാണ് വീഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്യുന്നത്. സുഖമില്ലാത്ത ഒരു ദിവസം ബുദ്ധിമുട്ടുകൾക്കിടയിലാണ് വീട്ടിലെ പണികൾ ചെയ്യുന്നത് എന്നാണ് സൗഭാഗ്യയുടെ ക്യാപ്ഷനിൽ നിന്നും വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. 'ഒന്നിനും ഒരു ആരോഗ്യം ഇല്ലാത്ത അങ്ങനെയും ചില ദിവസങ്ങൾ' എന്നാണ് വിഡിയോയ്ക്കൊപ്പം സൗഭാഗ്യ കുറിച്ചിരിക്കുന്നത്.
'എന്റെ ഹൃദയം നുറുങ്ങുന്നു' എന്നാണ് അമ്മ താര കല്യാൺ സൗഭാഗ്യയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ''അമ്മയും ഇതുപോലെ തന്നെയായിരുന്നു. അമ്മ ജോലി ചെയ്യുന്നതു കണ്ടാണ് ഞാൻ വളർന്നത്'', എന്നാണ് ഇതിന് സൗഭാഗ്യ നൽകിയ മറുപടി. സൗഭാഗ്യ ഒരു മാതൃകയാണെന്നു പറഞ്ഞ് നിരവധി പേർ വീഡിയോയ്ക്കു താഴെ കമന്റ് ചെയ്യുന്നുണ്ട്.
അമ്മയെപ്പോലെ സൗഭാഗ്യയ്ക്കും നൃത്തം ജീവനാണ്. നൃത്തം പോലെ തന്നെ സൗഭാഗ്യയ്ക്ക് ഇഷ്ടമുള്ള മറ്റൊരു കാര്യമാണ് വളർത്തു മൃഗങ്ങൾ. നായകളുടെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നതും താരം വ്‌ളോഗിലൂടെ പങ്കുവെക്കാറുണ്ട്. പുതിയ വീഡിയോയിലും താരം വീട്ടിലെ വളർത്തുമൃഗങ്ങളെ പലിപാലിക്കുന്നതു കാണാം.