
സാന്ത്വനം, വാനമ്പാടി, ആകാശദൂത് തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ ശ്രദ്ധ നേടിയ സംവിധായകനായിരുന്നു ആദിത്യൻ. രണ്ടു വർഷം മുൻപ് ഹൃദയാഘാതം മൂലമാണ് ആദിത്യൻ മരിച്ചത്. തനിക്കും കുടുംബത്തിനും 49 ലക്ഷത്തിന്റെ കടബാധ്യത ഉള്ളതായി ആദിത്യന്റെ ഭാര്യ രോണു ചന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ രോണുവിന്റെ പുതിയ അഭിമുഖവും ശ്രദ്ധ നേടുകയാണ്. ആദിത്യന്റെ ചില സൗഹൃദങ്ങൾ തനിക്ക് പാരയായിട്ടുള്ളതായും അതേസമയം, സീരിയൽ രംഗത്തു പ്രവർത്തിച്ചിട്ടുള്ള ചിലർ സഹായിച്ചിട്ടുണ്ടെന്നും രോണു പറയുന്നു.
സുഹൃത്തുക്കളെ സാമ്പത്തികമായി ഒരുപാട് സഹായിച്ചിട്ടുള്ളയാളാണ് ആദിത്യനെന്നും അതുകൊണ്ടാണ് പലരും സൗഹൃദം സ്ഥാപിച്ചതെന്നും രോണു അഭിമുഖത്തിൽ പറയുന്നു. ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയെങ്കിലും സുഹൃത്തുക്കൾക്ക് കൊടുത്തിട്ടുണ്ടാകുമെന്നും രോണു കൂട്ടിച്ചേർത്തു. ''സിനിമയും സീരിയലും കൊണ്ട് അദ്ദേഹം ഒന്നും ഉണ്ടാക്കിയിട്ടില്ല. ഞാനും രണ്ടു കുഞ്ഞുങ്ങളും മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ചേട്ടന്റെ മരണത്തിനു ശേഷം സീരിയൽ മേഖലയിൽ നിന്നും സഹായം ലഭിച്ചിരുന്നു. എന്നാൽ അതും വൈകിപ്പിക്കാൻ ചില ശ്രമങ്ങൾ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നടത്തി. എന്നാൽ നടൻ ആദിത്യൻ ജയൻ, നടി ജീജ സുരേന്ദ്രൻ ഇവരൊക്കെ ഇടപെട്ട് എനിക്ക് സഹായം വാങ്ങിത്തന്നു. മക്കളുടെ ഒരു ടേമിലെ ഫീസ് അടക്കാൻ ചിപ്പിച്ചേച്ചിയും സഹായിച്ചിരുന്നു. അടുത്ത തവണ മെസേജ് അയച്ചപ്പോൾ മറുപടി കിട്ടിയില്ല. എന്നുവെച്ച് എനിക്ക് ചിപ്പിച്ചേച്ചിയോട് പ്രശ്നമൊന്നുമില്ല. സഹായിച്ചിട്ടില്ല എന്നും പറയുന്നില്ല'', എന്ന് രോണു പറഞ്ഞു. സീരിയൽ ടുഡേയോട് ആയിരുന്നു രോണുവിന്റെ പ്രതികരണം.
പലരും തന്നെ ഒരു പ്രശ്നക്കാരിയായി തെറ്റിദ്ധരിച്ചതായും രോണു പറയുന്നു. ''സീരിയലിലെ ചില സുഹൃത്തുക്കളോട് വീട്ടിലെ പ്രശ്നങ്ങൾ ചേട്ടൻ പങ്കുവെയ്ക്കുമായിരുന്നു. എനിക്കും ചില തെറ്റുകൾ പറ്റിയിട്ടുണ്ട്. പൊട്ടിത്തെറിക്കുന്ന സ്വഭാവം എനിക്കുമുണ്ട്. അതുകൊണ്ടുതന്നെ ചേട്ടന്റെ സുഹൃത്തുക്കൾ ഭർത്താവിനെ ഒരുപാട് ടോർച്ചർ ചെയ്യുന്ന ഒരു ഭാര്യയായി എന്നെ തെറ്റിദ്ധരിച്ചു'', എന്നും രോണു കൂട്ടിച്ചേർത്തു.