
മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അഭിമുഖങ്ങൾക്കൊപ്പം വ്യക്തിജീവിതവും കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളും രഞ്ജിനി തന്റെ ചാനലിലൂടെ ആരാധകരോട് പങ്കുവെക്കാറുണ്ട്. രഞ്ജിനിയുടെ അമ്മയും ചില വീഡിയോകളിൽ താരത്തിനൊപ്പം പ്രത്യക്ഷപ്പെടാറുണ്ട്. പുതിയ വീഡിയോയിലും രഞ്ജിനിയുടെ അമ്മ സുജാത സംസാരിക്കുന്നുണ്ട്. രഞ്ജിനിയുടെ മുൻകാല പ്രണയങ്ങളെക്കുറിച്ചും പ്രണയിച്ചവരിൽ ഒരാൾ തന്നെ വഞ്ചിച്ചതിനെക്കുറിച്ചും താരം തുറന്നുപറയുന്നുമുണ്ട്. അക്കാര്യത്തിൽ തനിക്കിപ്പോൾ പശ്ചാത്താപം ഉണ്ടെന്നും രഞ്ജിനി പറയുന്നു.
''വളരെ ചെറിയ പ്രായത്തിലേ ഞാൻ ഡേറ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും വളരെ നല്ല വ്യക്തികളായിരുന്നു. അതിനിടയിൽ ഒരാൾ വന്നു, പേര് ഞാൻ പറയുന്നില്ല. എന്തൊരു മോശം വ്യക്തി. അയാൾ എന്നെ വഞ്ചിച്ചു. നുണയൻ. നാർസിസിസ്റ്റ്. ഇവരെയൊക്കെ ഒറ്റ പാക്കേജിൽ കിട്ടി. ആ സംഭവമാണ് ഞാൻ റിഗ്രറ്റ് ചെയ്യുന്നത്. വേണ്ടായിരുന്നു എന്ന് തോന്നി. അത് തമാശയായിരുന്നില്ല. ഞാൻ വിശ്വസിച്ചുപോയി. ആൾക്കാരെ ഇങ്ങനെ പറ്റിക്കും എന്ന് ഞാനറിഞ്ഞില്ല. ഒരാളോടും ഇങ്ങനെ ചെയ്യരുത്. നിങ്ങൾ സത്യസന്ധരായിരിക്കുക. നിങ്ങൾക്ക് ശരിക്കും പ്രണയമില്ലെങ്കിൽ അത് നടിക്കേണ്ട ആവശ്യമില്ല. പ്രേമത്തിന്റെ പേരിൽ പറ്റിക്കുന്നത് എന്ത് മോശമാണ്. പ്രണയത്തിലായാൽ അടിയുണ്ടാക്കും. പിരിയുകയു ചെയ്യാം. അത് കുഴപ്പമില്ല. എന്തിനാണ് വിശ്വാസ വഞ്ചന കാണിക്കുന്നത്, പ്രേമമാണെന്ന് നുണ പറയുന്നതെന്തിനാണ്", രഞ്ജിനി ചോദിക്കുന്നു.
"അത് കഴിഞ്ഞ് കൊവിഡ് സമയം എനിക്ക് നല്ലൊരു റിലേഷൻഷിപ്പുണ്ടായി. ആ സമയം വളരെ നല്ലതായിരുന്നു. പക്ഷേ, ആ ബന്ധവും അവസാനിച്ചു. ഇപ്പോൾ ഞാൻ സിംഗിളാണ്. കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല. എന്റെ അനുഭവങ്ങളാണ് എന്നെക്കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്. അത് നിങ്ങളുടേതുപോലെ ആകണമെന്നില്ല. ഒരു സിംഗിൾ മദർ വളർത്തിയ കുട്ടിയാണ് ഞാൻ. അതുകൊണ്ടുതന്നെ കൂട്ടിന് ഒരാളില്ലെങ്കിലും എങ്ങനെ ജീവിക്കണം എന്നറിയാം'', രഞ്ജിനി വീഡിയോയിൽ പറഞ്ഞു.