'കൊച്ചുകുഞ്ഞിനെയെന്നപോലെ പലതും തുടക്കം മുതൽ പഠിപ്പിക്കുകയാണ്'; രാജേഷ് കേശവിന്‍റെ ആരോഗ്യവിവരം പങ്കുവെച്ച് സുഹൃത്ത്

Published : Jun 27, 2026, 03:19 PM IST
friend Prathap Jayalekshmi about rajesh keshavs health condition now

Synopsis

ഹൃദയാഘാതത്തെ തുടർന്ന് 10 മാസമായി ചികിത്സയിൽ കഴിയുന്ന നടൻ രാജേഷ് കേശവിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി 

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂർ ആശുപത്രിയിൽ നിന്നും രാജേഷിനെ തിരുവനന്തപുരത്തെ വീട്ടിൽ എത്തിച്ചിരുന്നു. തെറാപ്പിയുടെ ഭാഗമായി ഇപ്പോൾ എഴുന്നേൽപിച്ചു നിർത്തുന്നുണ്ടെന്നും കൈ കാലുകളുടെ ചലനവും മുൻപത്തെക്കാൾ മെച്ചപ്പെട്ടെന്നും പ്രതാപ് പറയുന്നു.

''പ്രിയപ്പെട്ട രാജേഷ് കേശവിന്റെ വിവരങ്ങൾ അറിയുന്നില്ലല്ലോ, ഇടയ്ക്ക് രാജേഷിനെ ഓൺലൈൻ കണ്ടല്ലോ? ഓക്കെ ആയോ, ചോദ്യങ്ങൾ നിരവധിയാണ്, ഞാൻ ചില വർക്കുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു. പലരോടും റിപ്ലേ ചെയ്യാൻ പറ്റാത്തതിൽ ഖേദിക്കുന്നു. ഇന്നലെ ശ്രീ സുരേഷ് ഗോപിയുടെ ബർത്ത് ഡ‍േ ആയിരുന്നു. കുറെ വർഷങ്ങളായി ആ ദിവസം രാജേഷും ഞാനും ശാസ്‌തമംഗലത്തെ വീട്ടിൽ പോയി ഒരുമിച്ചു മധുരം പങ്കിടാറുണ്ട്. ഇത്തവണ പോകുമ്പോൾ അവന്റെ കാര്യമാണ് എല്ലാവർക്കും ചോദിക്കാനുണ്ടായിരുന്നത്. രാജേഷ് ആശുപത്രിയിൽ ആയതിനു ശേഷം ചികിത്സാ കാര്യങ്ങളിലും അവനെ വന്നുകാണുന്നതിലും ഏറ്റവുമധികം മുന്നിട്ടു നിന്നത് ശ്രീ സുരേഷ് ഗോപി തന്നെയാണ്.

രാജേഷ് കിടപ്പിലായിട്ട് 10 മാസങ്ങൾ പിന്നിട്ടിരിക്കുന്നു, വെല്ലൂർ ആശുപത്രിയിൽ നിന്നും ഇപ്പോൾ തിരുവനന്തപുരത്തു വീട്ടിൽ എത്തിയതിനു ശേഷം ആരോഗ്യ പുരോഗതി മെച്ചമാവുന്നുണ്ട്, ഇടയ്ക്ക് ഉണ്ടാകുന്ന പനി, ഇൻഫക്ഷൻ ഒക്കെ ആ പുരോഗതിയെ പിന്നോട്ട് വലിക്കും. വിവിധ തരം തെറാപ്പികൾ കൊടുക്കാൻ പറ്റുന്നത് ഹെൽത്ത് കണ്ടീഷൻ ബെറ്റർ ആകുമ്പോൾ മാത്രമാണ്. അവൻ കിടപ്പിലാണ് ഇപ്പോഴും, തെറാപ്പിയുടെ ഭാഗമായി എണീപ്പിച്ചു നിർത്തുന്നുണ്ട്, അതിന്റെ സമയവും എക്സ്റ്റെൻഡ് ചെയ്തു വരികയാണ്. കൈ കാലുകളുടെ ചലനവും മുൻപത്തെക്കാൾ മെച്ചമാവുന്നുണ്ട്, പക്ഷേ മൂഡ് ശരിയല്ലെങ്കിൽ തെറാപ്പികളോട് ഉള്ള സഹകരണം കുറവാണ്. ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു ഒരു കൊച്ചു കുഞ്ഞിനെ എന്ന പോലെ പലതും തുടക്കം മുതൽ പഠിപ്പിച്ചു മുന്നോട്ട് പോകുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ശ്രീ രമേഷ് പിഷാരടി വിളിച്ചിരുന്നു. മമ്മുക്കയുടെയും ചാക്കോച്ചന്റെയും മഞ്ജു വാര്യരുടെയും ഒക്കെ അന്വേഷണം അറിയിച്ചിരുന്നു. ഒപ്പം ഭാരിച്ച ചികിത്സാ ചിലവുകൾക്ക് താങ്ങായി എന്തെങ്കിലും ഒരു പരിപാടി ചെയ്തു കുറച്ചു ഫണ്ട്‌ സ്വരൂപിക്കാനുള്ള ഒരു ചർച്ചയും നടന്നു.

എല്ലാം നന്നായി വരും, അവനെ പഴയ പോലെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ രാജേഷിന്റെ കുടുംബവും കുറെ നല്ല മനസ്സുകളും അക്ഷീണം പരിശ്രമിക്കുകയാണ്. ഓഫീസിലെ പഴയ സുഹൃത്തുക്കൾ, കോളേജിലെ സഹപാഠികൾ ഒക്കെ ഇടയ്ക്ക് കാണാൻ വരുന്നുണ്ട്. വേറെയും ചില നല്ല മനസ്സുകൾ രാജേഷിനെ സന്ദർശിക്കാറുണ്ട്. പഴയ ഓർമ്മകൾ മാത്രമാണ് ഞങ്ങൾക്ക് അവനോടു ഷെയർ ചെയ്യാനുള്ളൂ. രാജേഷ് ഓൺലൈൻ വരാനുള്ള സമയം ആയിട്ടില്ല. അവൻ തിരിച്ചു വരും, എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കൂടെ ഉണ്ടായാൽ മതി, ഒരു മിറക്കിൾ ഉണ്ടാവാൻ. ആ കാത്തിരിപ്പിലാണ് ഞാനും'', പ്രതാപ് ജയലക്ഷ്മി ഫെയ്സ്ബുക്കിൽ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

'എന്നെ എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ വെല്ലുവിളിക്കുന്നു'; ലക്ഷ്‍മിപ്രിയയ്ക്ക് മറുപടിയുമായി മിഥിലാജ്
'രേണുവിനെ സ്നേഹിക്കുന്നവരോട് എനിക്കൊരുഅപേക്ഷയുണ്ട്';ലക്ഷ്‍മി നക്ഷത്ര പറയുന്നു