
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയ താരം രേണു സുധി. രേണു സുധി എന്നതില്‍ നിന്ന് സുധി എന്ന പേര് മാറ്റാന്‍ ആവശ്യപ്പെട്ട് നിരവധി വ്ലോഗേഴ്സ് വീഡിയോ ചെയ്യുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് ഇന്നലെ രേണു സുധി ഒരു വീഡിയോ ചെയ്തിരുന്നു. സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം നടന്ന തന്‍റെയും കൊല്ലം സുധിയുടെയും വിവാഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്. “കുറേപ്പേരുടെ പ്രശ്നം എന്‍റെ പേരിനൊപ്പം സുധി എന്ന് ചേര്‍ത്തതാണ്. അത് മാറ്റാനാണ് അവര്‍ പറയുന്നത്. എന്‍റെ ഭര്‍ത്താവാണ് സുധിച്ചേട്ടന്‍”, രേണു സുധി പറഞ്ഞിരുന്നു.
“എനിക്ക് എന്തുകൊണ്ടും അവകാശമുണ്ട് സുധിച്ചേട്ടന്‍റെ പേര് പറയാന്‍. രേഷ്മ പി തങ്കച്ചന്‍ എന്ന രേണു സുധിക്ക് സുധിച്ചേട്ടന്‍റെ ഭാര്യ ആയിരിക്കുന്നിടത്തോളം കാലം സുധിച്ചേട്ടന്‍റെ പേര് ഉപയോഗിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ട് നിങ്ങള്‍ കുറച്ചൊന്ന് അടങ്ങ്”, രേണു സുധി വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോയില്‍ സംസാരിക്കവെ രേണു സുധിക്ക് ഒരു പിശക് പറ്റിയിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് എടുത്ത് കാണിക്കുന്നതിനിടെ സുധി ശിവദാസന്‍ ദാസ് (കൊല്ലം സുധിയുടെ ഒഫിഷ്യല്‍ പേര്) എന്നതിനൊപ്പം ബ്രൈഡ് എന്നും രേഷ്മ പി തങ്കച്ചന്‍ (രേണു സുധിയുടെ ഒഫിഷ്യല്‍ പേര്) എന്നതിനൊപ്പം ഗ്രൂം എന്നുമാണ് പറഞ്ഞത്. ഇതും ചിലര്‍ ട്രോള്‍ ആക്കിയിരുന്നു, ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ രേണു സുധി.
“എന്നെക്കുറിച്ച് നെഗറ്റീവ് പറയുന്ന കുറേ വ്ളോഗേഴ്സ് ആണ് പേരില്‍ നിന്ന് സുധിച്ചേട്ടന്‍റെ പേര് മാറ്റാന്‍ പറയുന്നത്. എനിക്ക് സൗകര്യമില്ല. എന്‍റെ ഭര്‍ത്താവിന്‍റെ പേരല്ലാതെ മറ്റെന്തെങ്കിലും എനിക്ക് എന്‍റെ പേരിനൊപ്പം ചേര്‍ക്കാന്‍ കഴിയുമോ? അതുകൊണ്ടാണ് ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിച്ചത്. പക്ഷേ അതിനകത്ത് തെറ്റിപ്പോയത് ബ്രൈഡ് ഗ്രൂമും ഗ്രൂം ബ്രൈഡുമായി. നെഗറ്റീവ് പറയുന്നവര്‍ക്ക് ട്രോളാന്‍ എന്തെങ്കിലും കൊടുക്കണ്ടേ? അതുകൊണ്ട് ഞാന്‍ ഇട്ടുകൊടുത്തെന്നേ ഉള്ളൂ. ബ്രൈഡ് എന്താണെന്നും ഗ്രൂം എന്താണെന്നുമൊക്കെ പറയാനുള്ള വിദ്യാഭ്യാസം എനിക്കുണ്ട്. എന്നാലും അങ്ങ് പറഞ്ഞു കൊടുത്തതാ, ട്രോളട്ടെ എന്ന് ഓര്‍ത്തിട്ട്. എന്നെക്കൊണ്ട് ഉപജീവനം നടക്കുന്ന കുറേ വ്ലോഗേഴ്സ് ഉണ്ട്. ഒരു ദിവസം എന്‍റെ ഒരു വീഡിയോ കിട്ടിയില്ലെങ്കില്‍ അവര്‍ എങ്ങനെ കഞ്ഞി കുടിക്കും എന്നോര്‍ത്ത് ഞാന്‍ ആകെ സങ്കടത്തിലാണ്. അതുകൊണ്ട് ഞാന്‍ ഒന്ന് ഇട്ടുകൊടുത്തെന്നേ ഉള്ളൂ”, രേണു സുധി പറഞ്ഞു.