
മലയാളികൾക്ക് ഏറെ സുപരിചിതരാണ് ആർജെയും അവതാരകനുമായ മിഥുൻ രമേശും ഭാര്യ ലക്ഷ്മി മേനോനും. ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവർക്ക് മിഥുനേക്കാൾ പരിചയം ലക്ഷ്മിയെ ആയിരിക്കും. സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നയാളാണ് ലക്ഷ്മി. ഇൻസ്റ്റഗ്രാമിൽ ലക്ഷ്മി പങ്കുവെയ്ക്കുന്ന വീഡിയോകൾക്ക് കാഴ്ചക്കാരേറെയാണ്. ചിലപ്പോൾ മിഥുനും മകൾ തൻവിയും ലക്ഷ്മിയുടെ വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോളിതാ ബിഗ്ബോസിലേക്ക് മൽസരിക്കാനുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം. അത്തരം വാർത്തകളൊക്കെ വെറുതെയാണ് എന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. തങ്ങളുടെ കുടുംബജീവിതം ഇങ്ങനെ പോകുന്നതു കണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലേ എന്നും തമാശയായി ലക്ഷ്മി ചോദിച്ചു. പ്രഡിക്ഷൻ ലിസ്റ്റിൽ തന്റെ പേര് കണ്ടെന്നും എന്നാൽ താൻ പോകുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. സംസാരിച്ചു നിൽക്കാൻ പറ്റുന്ന ആളുകൾക്കേ ബിഗ്ബോസിൽ മൽസരിക്കാൻ പറ്റൂ എന്നു പറഞ്ഞപ്പോൾ താൻ അത്ര സംസാരിക്കുന്നയാളല്ല എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.
എല്ലാ സീസണുകളിലും തങ്ങൾക്ക്, പ്രത്യേകിച്ച് ലക്ഷ്മിക്ക് കോൾ വരാറുണ്ടെന്നും ഇത്തവണ മാത്രമാണ് വിളിക്കാതിരുന്നതെന്നും ഒപ്പമുണ്ടായിരുന്ന മിഥുൻ രമേശ് വെളിപ്പെടുത്തി. കപ്പിൾ ആയിട്ടും ബിഗ്ബോസിലേക്ക് പോകുന്നില്ലെന്നും ജോലിയും മറ്റു സാഹചര്യങ്ങളും മൂലം മാറിനിൽക്കാനാകില്ലെന്നും മിഥുൻ കൂട്ടിച്ചേർത്തു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
ഡിപ്രഷന് മരുന്ന് കഴിക്കുന്ന ആളാണ് താനെന്നും അത് മുടങ്ങിയാൽ മൂഡ് സ്വിംഗ്സ് ഉണ്ടാകുമെന്നും ലക്ഷ്മി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ആ സമയത്തൊക്കെ മിഥുൻ ചേട്ടൻ, തന്റെ അമ്മ, മകൾ തൻവി എന്നിവരെല്ലാം ഒരുപാട് പിന്തുണച്ച് കൂടെ നിന്നിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. ഭർത്താവ് മിഥുൻ രമേശിന് അടുത്തിടെ ബെൽസ് പാൾസി വന്നതിനെക്കുറിച്ചും ലക്ഷ്മി സംസാരിച്ചിരുന്നു. ഫിസിയോതെറാപ്പിയും ഒരുപാട് പേരുടെ പ്രാർത്ഥനയും കാരണമാണ് രോഗം മാറിയതെന്ന് ലക്ഷ്മി പറഞ്ഞിരുന്നു.