
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് അനാമികയും വിഷ്ണുവും. ഇരുവരുടേയും വിവാഹം വലിയ വാർത്തയായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. തങ്ങളുടെ മകളുടെ ആദ്യത്തെ വിഷു ആഘോഷത്തെക്കുറിച്ചാണ് വ്ളോഗിലൂടെയും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയും അനാമിക പങ്കുവെച്ചത്.
ഉണ്ണി മോളുടെ ആദ്യത്തെ വിഷു ആയതുകൊണ്ട് ഒത്തിരി സന്തോഷമുണ്ടായിരുന്നു. താൻ വിചാരിച്ചത് പോലെ അവളെ കണികാണിക്കാൻ പറ്റിയെന്നും അനാമിക വ്ളോഗിൽ പറയുന്നു. കുട്ടിക്കാലത്ത് തനിക്ക് ഇല്ലാതെ പോയ പല കാര്യങ്ങളും മകൾക്ക് കിട്ടുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നുവെന്ന് അനാമിക പറയുന്നു.
''എന്റെ കുട്ടിക്കാലത്ത് എനിക്ക് നഷ്ടമായത്..എന്റെ തണലാകേണ്ടവർ സ്വന്തം സുഖങ്ങൾ തേടിപ്പോയപ്പോൾ ഇല്ലാതായത് ആ അച്ഛൻ സ്നേഹമായിരുന്നു. അന്ന് അനുഭവിച്ച ശൂന്യത എത്ര വലുതാണെന്ന് എനിക്കറിയാം. പക്ഷെ ഇന്ന് എന്റെ മകൾ അവളുടെ അച്ഛന്റെ കൈപിടിച്ച് നടക്കുമ്പോൾ ആ സ്നേഹം അവൾക്ക് വേണ്ടുവോളം കിട്ടുന്നത് കാണുമ്പോൾ എന്റെ ഉള്ളം നിറയുകയാണ്. എനിക്ക് കിട്ടാതെ പോയത് അവൾക്ക് ലഭിക്കുന്നുണ്ടല്ലോ. ആ തിരിച്ചറിവാണ് എന്റെ ഏറ്റവും വലിയ സന്തോഷം.
''ചിലർ സ്വന്തം സന്തോഷങ്ങൾ തേടി പടിയിറങ്ങിപ്പോയപ്പോൾ തകർന്നുപോയൊരു ബാല്യം എനിക്കുണ്ടായിരുന്നു. അച്ഛന്റെ സ്നേഹം എന്താണെന്ന് അറിയാതെ വളർന്നവൾ. പക്ഷെ കാലം എനിക്കായി കാത്തുവെച്ച വലിയൊരു സമ്മാനമാണ് എന്റെ മകൾ. എനിക്ക് നഷ്ടപ്പെട്ട അച്ഛൻ സ്നേഹം അവൾക്ക് അവളുടെ അച്ഛനിലൂടെ തിരികെ കിട്ടുന്നത് കാണുമ്പോൾ പഴയ മുറിവുകളെല്ലാം ഉണങ്ങുന്നതുപോലെ. അവൾ സന്തോഷവതിയാണ്. അതുകൊണ്ട് ഞാനും'', എന്നാണ് അനാമിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.