
പഠനത്തിലും ജീവിതത്തിലും നേരിടുന്ന വെല്ലുവിളികള്‍ക്ക് മരണം ഒരു പരിഹാരമല്ലെന്ന് മോഹന്‍ലാല്‍. മുന്നേറുകയാണ് പ്രതിവിധിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്റെ പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറയുന്നത്.
കൈലാഷ് സത്യാര്‍ഥിക്ക് നോബേല്‍ സമ്മാനം കിട്ടിയത് പീഡനങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ക്ക് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളെ മാനിച്ചാണ്. അന്ന് ആ വാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി എന്താണ് ഇത്രമാത്രം ചെയ്യാനുള്ളത് എന്ന് ഞാന്‍ മനസ്സുകൊണ്ട് കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ജീവിക്കുമ്പോള്‍ മനസ്സിലാവുന്നു കുട്ടികള്‍ക്ക് വേണ്ടിയാണ് നമുക്ക് ഏറെ ചെയ്യാനുള്ളത്. കാരണം, എല്ലാം ഏറ്റവുമധികം സഹിക്കുന്നത് അവരാണ്- മോഹന്‍ലാല്‍ പറയുന്നു.
കഴിഞ്ഞ ഒരു മാസത്തെ വാര്‍ത്തകള്‍ എടുത്തുനോക്കൂ. പലതരത്തില്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍, ആത്മഹത്യ ചെയ്യുന്ന കുട്ടികള്‍. ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍. കൊല ചെയ്യപ്പെടുന്ന കുട്ടികള്‍. എത്രയെത്ര സംഭവങ്ങളാണ് നാം കണ്ടതും. എല്ലാം ഏതെ വിദൂരദേശത്തെ കഥകളല്ല, ഇവയെല്ലാം സംഭവിച്ചത് നമ്മുടെ ചുറ്റുവട്ടത്തിലാണ്. നമ്മുടെ അയല്‍പക്കങ്ങളിലും കണ്ണും കാതും എത്തുന്ന ദൂരത്തുമാണ്. ചെറിയ വയസ്സുള്ള കുട്ടികള്‍ വരെ പീഡിപ്പിക്കപ്പെടുന്നു. അതിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ അവര്‍ തകര്‍ന്നു പോവുന്നു. ചിലര്‍ ആത്മഹത്യ ചെയ്യുന്നു. ഇതെന്തൊരു ലോകമാണ്- മോഹന്‍ലാല്‍ പറയുന്നു.
കുട്ടികള്‍ ആത്മഹത്യ ചെയ്‍തുകൊണ്ടിരിക്കുന്നു എന്നത് എന്നെ ഏറ്റവുമധികം ഞെട്ടിച്ച കാര്യമാണ്. ആത്മഹത്യക്ക് പല പല കാരണങ്ങളാണ്. കുടുംബത്തില്‍ മുതല്‍ സ്കൂളിലും കോളേജിലും വരെ നടക്കുന്ന പല കാര്യങ്ങള്‍ അവരെ ഒരു മുഴം കയറിലേക്കും അല്‍പ്പം വിഷമത്തിലേക്കും പുഴയുടെ ആഴങ്ങളിലേക്കും പോകാന്‍ പ്രേരിപ്പിക്കുന്നു. പൂര്‍ണ്ണമായും വിടരും മുമ്പേ അങ്ങനെ മരണത്തെ വരിച്ച എല്ലാ മുകുളങ്ങള്‍ക്കും എന്റെ കണ്ണീര്‍ പ്രണാമം. അതോടൊപ്പം എന്താണ് നമുക്കും നമ്മുടെ കുട്ടികള്‍ക്കും പറ്റിയത് എന്ന ആലോചനയും എന്നില്‍ ഉയരുന്നു. കുടുംബ പ്രശ്നങ്ങളും പഠന പ്രശ്നങ്ങലും സാമ്പത്തിക പ്രശ്നങ്ങളും ഇന്ന് തുടങ്ങിയവയല്ല. എല്ലാ കാലത്തും ഇവയെല്ലാം ഉണ്ടായിരുന്നു. പണ്ടും കുട്ടികള്‍ പരീക്ഷയില്‍ തോറ്റിരുന്നു. അധ്യാപകര്‍ കുട്ടികളെ അടിച്ചിരുന്നു. എന്നാല്‍ ആരും ആത്മഹത്യ ചെയ്‍തിരുന്നില്ല. അതിന്റെ കാരണമാണ് ഞാന്‍ പറയുന്നത്. അന്ന് വിദ്യാര്‍ഥികള്‍ തോറ്റിരുന്നു. എന്നാല്‍ തോറ്റു എന്ന കാരണത്താല്‍ അവനെ അല്ലെങ്കില്‍ അവളെ വീട്ടില്‍ വച്ചോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വച്ചോ വാക്കുകള്‍ കൊണ്ടും ശാരീരികമായും പീഡനങ്ങള്‍ക്കിരയാക്കിയിരുന്നില്ല. പ്രോഗ്രസ് കാര്‍ഡ് കൊണ്ടുവരുമ്പോള്‍ അത് അച്ഛനോ അമ്മയോ കാണുമ്പോള്‍ അല്‍പനേരത്തേക്കുള്ള മുറുമുറുപ്പ്, ഗുണദോഷിക്കല്‍ അതില്‍ കഴിഞ്ഞു. എല്ലാം പണ്ട് ചൂരലായിരുന്നെങ്കില്‍ ഇന്ന് ഇടിമുറിയായി. പണ്ട് ഗുണദോഷിക്കലാണെങ്കില്‍ ഇന്ന് എഴുതിത്തള്ളലായി. ഈ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാന്‍ കഴിയാതെ വരുമ്പോഴാണ് നമ്മുടെ ചുറ്റും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത്. കൂടാതെ അച്ഛനും, അമ്മാവനും മുത്തച്ഛന്‍ പോലും അവരെ പലതരത്തില്‍ പീഡിപ്പിക്കുയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നവരോട് എനിക്ക് ഒന്നും പറയാനില്ല. കാരണം അവര്‍ ഉപദേശിക്കപ്പെടുവാന്‍ പോലും അര്‍ഹത ഇല്ലാത്തവരാണ്. എത്രയും വേഗത്തില്‍ കഠിനമായ ശിക്ഷ അവര്‍ക്ക് നല്‍കുക എന്നത് മാത്രമാണ് പ്രതിവിധി. എന്നാല്‍ എല്ലാ കുട്ടികളോടും യുവതിയുവാക്കന്‍മാരോടും എനിക്ക് ഒന്നേ പറയാനുള്ളൂ. മരണം ഒന്നിനും പരിഹാരമല്ല. പഠനത്തിന്റെ കാര്യത്തിലും ജീവിതത്തിലും നിങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. അവയെ ചെറുത്ത് മുന്നേറുക എന്നതാണ് പ്രതിവിധി. നിങ്ങളെ പീഡിപ്പിച്ചവരെ നിങ്ങള്‍തന്നെ ചൂണ്ടിക്കാട്ടുക, അല്ലെങ്കില്‍ അവര്‍ എന്നും നമുക്കിടയില്‍ മാന്യരായി, ശിക്ഷപോലും ലഭിക്കാതെ ജീവിക്കും- മോഹന്‍ലാല്‍ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ