ഒടിയന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മോഹന്‍ലാല്‍

By Web TeamFirst Published Dec 18, 2018, 11:01 AM IST
Highlights

തനിക്ക് നടന്‍ എന്ന നിലയില്‍ പൂര്‍ണ്ണതൃപ്തി നല്‍കിയ പടമാണ് ഒടിയന്‍ എന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.

ഹൈദരബാദ്: ഒടിയന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും സൈബര്‍ ആക്രമണങ്ങളും നടക്കുമ്പോള്‍ ഇത് സംബന്ധിച്ച് പ്രതികരണങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല മോഹന്‍ലാല്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അദ്ദേഹത്തിന് ഇതില്‍ പ്രതികരിക്കാന്‍ തോന്നുന്ന സമയത്ത് രംഗത്ത് എത്തും എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇതാ ഒടിയനെക്കുറിച്ച് റിലീസ് ചെയ്ത് നാല് ദിവസത്തിന് ശേഷം മോഹന്‍ലാല്‍ പ്രതികരിക്കുന്നു. ഒരു ടെലിവിഷന്‍ ചാനലിലാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.

ഒടിയന്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ തൃപ്തനാണോ എന്ന ചോദ്യത്തിന്. ഒടിയന്‍ ഒരു പാവം സിനിമയാണെന്നായിരുന്നു മോഹന്‍ലാലിന്‍റെ ആദ്യ പ്രതികരണം. പച്ചയായ മനുഷ്യന്‍റെ ജീവിതത്തിലെ പ്രധാനഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാണിത്. എന്നെ സംബന്ധിച്ച് ഒടിയന്‍ മാണിക്യന്‍ പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ് മോഹന്‍ലാല്‍ പറയുന്നു. തനിക്ക് നടന്‍ എന്ന നിലയില്‍ പൂര്‍ണ്ണതൃപ്തി നല്‍കിയ പടമാണ് ഒടിയന്‍ എന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.

ചിത്രം പ്രതീക്ഷിച്ച അത്രയും മാസ് ആയോ എന്നതായിരുന്നു അടുത്ത ചോദ്യം, എന്നാല്‍ അതിനെക്കുറിച്ച് പ്രതികരിക്കാന്‍ ലാല്‍ തയ്യാറായില്ല. ഇതിന് മുന്‍പും പല ചിത്രങ്ങളും ചെയ്തിട്ടുണ്ട്. മാസ് എന്ന തരംതിരിവ് വേണ്ടെന്നാണ് തന്‍റെ അഭിപ്രായം. ചിത്രത്തിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത് എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഒടിയന്‍റെ സാമ്പത്തിക വിജയം മലയാള സിനിമയുടെ വളര്‍ച്ചയാണ് കാണിക്കുന്നത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ശ്രീകുമാറിന്‍റെ മാര്‍ക്കറ്റിംഗ് മികച്ചതായിരുന്നു എന്നും, അത് തന്നെയായിരുന്നു വേണ്ടതെന്നും മോഹന്‍ലാല്‍ പറയുന്നു. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ സിനിമയ്ക്ക് വേണ്ടിവന്നു. 

രണ്ടാമൂഴത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് ചില തെറ്റിദ്ധാരണകളാല്‍ ഇപ്പോള്‍ ഈ പ്രോജക്ട് നിന്നുപോയെങ്കിലും അത് ഉടന്‍ ആരംഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 

click me!