
ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ദാദാ സാഹേബ് ഫാൽക്കേ അവാർഡ് മോഹൻലാലിലൂടെ മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. 2023 ലെ പുരസ്കാരമാണ് മോഹൻലാലിനെ തേടിയെത്തയിരിക്കുന്നത്. നേരത്തെ സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരത്തിനർഹനായിരുന്നു. ഇപ്പോഴിതാ പുരസ്‌കാര നേട്ടത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയാണ് മോഹൻലാൽ.
“ജൂറിയോടും ഇന്ത്യൻ ഗവണ്മെന്റിനോടും കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. ഈ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡ് ആണിത്.ഇതിനു മുൻപ് ഈ അവാർഡ് കിട്ടിയത് മഹാരഥൻമാർക്കാണ്, കൂടെയുള്ള എല്ലാവരെയും ഓർക്കുന്നു, ഇന്ത്യൻ സിനിമയിലെ അവാർഡ് മലയാള സിനിമയ്ക്കു ലഭിച്ചതിൽ വളരെ സന്തോഷം. ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ. അതുകൊണ്ടാണ് ഈശ്വരൻ തന്ന അവാർഡ് എന്ന് പറയുന്നത്. നമ്മളുടെ പ്രവർത്തി മണ്ഡലത്തിൽ നമ്മൾ കാണിക്കുന്ന സത്യസന്ധത കൂടിയുണ്ട്. ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കു വയ്ക്കുന്നു."
"വിമർശനങ്ങൾ തോളത്തു ഏറ്റി നടക്കുന്ന ആളല്ല ഞാൻ, ഈ നിമിഷത്തെ കുറിച്ച് ചിന്തിക്കുക. നാളെ ദൃശ്യം 3 ചിത്രീകരണം തുടങ്ങുന്ന ദിവസം ആണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്‌കാര വിവരം പറയാൻ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ല, അതൊരു വൈൽഡ് ഡ്രീം മാത്രമാണെന്ന് തോന്നി, ഒന്ന് കൂടെ പറയു എന്ന് ഞാൻ പറഞ്ഞു. സിനിമയ്ക്കു ഇപ്പോൾ പരിമിതികൾ ഇല്ല. സിനിമ എന്നത് പാൻ ഇന്ത്യൻ ആയി, സംവിധാനം ചെയ്യണം എന്ന തോന്നൽ വന്നാൽ ഇനിയും ചെയ്‌തേക്കും. സിനിമയ്ക്കു അപ്പുറത്തേക്കുള്ള സ്വപ്നം എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാനാവില്ല, വളരെ കുറച്ചു സ്വപ്നം കാണുന്ന ആളാണ് ഞാൻ. നല്ല സിനിമകൾ ഉണ്ടാകട്ടെ." പ്രസ്സ് മീറ്റിൽ മോഹൻലാൽ പറഞ്ഞു.
അതേസമയം സിനിമ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാര സ്വന്തമാക്കുന്ന ആദ്യ മലയാള നടനാണ് മോഹൻലാൽ. അർഹിച്ച ബഹുമതിയാണ് മോഹൻലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയെ ശ്വസിക്കുകയും അതില്‍ ജീവിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരനുള്ളതാണ് ഫാൽക്കെ പുരസ്കാരമെന്നും മമ്മൂട്ടി കുറിച്ചു
മോഹൻലാലിൻ്റെ നേട്ടം മലയാള സിനിമയുടെ അഭിമാന നിമിഷമെന്നാണ് സംവിധായകൻ കമൽ പറഞ്ഞത്. മോഹൻലാലിനെ ഒരു താരമായി മാത്രം കാണാനാകില്ലെന്നും ലോക സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും കമൽ പ്രതികരിച്ചു. ഈ മാസം 23 നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ