
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളില്‍ പിന്തുണ തേടിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തിന് മോഹന്‍ലാലിന്റെ മറുപടി. ഉത്തരവാദിത്തമുള്ള പൗരന്‍മാരെന്ന നിലയില്‍ നാം എല്ലാവരും രാജ്യത്തെയോര്‍ത്ത് അഭിമാനിക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഞാന്‍ സ്വച്ഛ് ഭാരതിന് പിന്തുണയേകുന്നു. സ്വയം സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ കത്തില്‍ പറഞ്ഞു.
ഉത്തരവാദിത്തമുള്ള പൗരന്‍മാരെന്ന നിലയില്‍ നാം രാജ്യത്തെയോര്‍ത്ത് അഭിമാനിക്കണം. രാജ്യമാണ് നമ്മുടെ 'വീടെ'ന്നും 'വീടാ'ണ് സ്വത്വമെന്നും തിരിച്ചറിയണം. ഇതുകൊണ്ട് തന്നെ നമ്മുടെ 'വീട്' ശുചിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇത് നമ്മുടെ വീട് സന്ദര്‍ശിക്കുന്ന അതിഥികളെയും ആനന്ദിപ്പിക്കും. നമ്മുടെ 'വീട്' മലിനമാക്കില്ലെന്നും വൃത്തിയായി സൂക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കാന്‍ രാഷ്ട്രപിതാവിന്റെ ജന്‍മദിനത്തോളം പ്രധാനമായ മറ്റൊരു ദിനമില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ ദീപാവലിയില്‍ നമ്മുടെ വീട് മറ്റ് ഏത് വര്‍ഷങ്ങളേക്കാളും തെളിമയോടെ പ്രകാശിക്കും. ഞാന്‍ സ്വച്ഛ് ഭാരതിന് പിന്തുണയേകുന്നു. സ്വയം സമര്‍പ്പിക്കുന്നു- മോഹന്‍ലാല്‍ പറയുന്നു.
സ്വച്ഛഭാരത് പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ദശലക്ഷക്കണക്കിനു പേരെ പദ്ധതിയിലേക്ക് ആകർഷിക്കാനുമാകുമെന്ന് മോദി കത്തില്‍ പറഞ്ഞിരുന്നു. അതിനാലാണ് മോഹന്‍ലാലിനെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നതെന്നും ഇതിനു വേണ്ടി അൽപസമയം ചെലവഴിക്കാൻ തയാറാകണമെന്നും മോദി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
സെപ്റ്റംബർ 15ന് ആരംഭിച്ച് ഒക്ടോബര്‍ രണ്ടിന് അവസാനിക്കുന്ന സ്വച്‌ഛ്ത ഹി സേവ (ശുചിത്വം സേവനമാണ്) പരിപാടിയിലേക്കാണ് മോഹന്‍ലാലിനെ ക്ഷണിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഇതിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്. കേരളത്തിലെ പ്രചരണത്തിനാണ് മോഹന്‍ലാലിന്റെ പിന്തുണ തേടിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഇശ്വരി ഗഞ്ജ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാഷ്ട്രപതി റാം നാഥ് കോവിന്ദ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ