ഓസ്‍കര്‍ വേദിയില്‍ നാടകീയ സംഭവങ്ങള്‍; ഒടുവില്‍ മൂണ്‍ ലൈറ്റ് മികച്ച ചിത്രം

By Web DeskFirst Published Feb 27, 2017, 12:20 AM IST
Highlights

നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. ലാലാ ലാന്‍ഡാണ് മികച്ച ചിത്രം എന്ന് അവതാരകന്‍ ആദ്യം തെറ്റായി പ്രഖ്യാപിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ സ്വീകരിച്ച ശേഷമാണ് സംഘാടകര്‍ മൂണ്‍ലൈറ്റിനാണ് പുരസ്‍കാരമെന്ന് തിരുത്തിയത്. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ എമ്മ സ്റ്റോണിന്‍റെ പേരുള്ള കാര്‍ഡ് നല്‍കിയതു കൊണ്ടാണ് ആദ്യം തെറ്റായി പ്രഖ്യാപനം നടത്തിയതെന്ന് അവതാരകന്‍ പറയുന്നു.

സംഗീത ചിത്രമായ ലാ ലാ ലാന്‍ഡ് ആറ് പുരസ്കാരങ്ങള്‍ നേടി. സംവിധായകൻ, നടി, സംഗീതം, ഗാനം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, ഛായാഗ്രഹണം തുടങ്ങിയ പുരസ്‍കാരങ്ങളാണ് ലാലാലാന്‍ഡ് നേടിയത്.

ലാലാലാന്‍ഡിന്‍റെ സംവിധായകന്‍ ഡേമിയന്‍ ഷെസലാണ് മികച്ച സംവിധായകന്‍. ഓസ്‍കറിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനാണ് ഡേമിയന്‍. കെയ്‍സി അഫ്ലെകാണ് മികച്ച നടന്‍. മാഞ്ചസ്റ്റർ ബൈ ദ സീയിലെ അഭിനയത്തിനാണ് അഫ്ലെക്കിന് പുരസ്‍കാരം. ലാലാലാന്‍ഡിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ലീനസ് സാന്റ് ഗ്രിന്നിനാണ് ഛായഗ്രാഹണത്തിനുള്ള പുരസ്കാരം . ജസ്റ്റിന്‍ ഹുവിറ്റ്സിനാണ് ഒറിജിനല്‍ സ്കോറിനുള്ള പുരസ്കാരം.

സഹനടനും നടിക്കുമുള്ള പുരസ്‍കാരങ്ങള്‍ ഓസ്‍കാര്‍ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായി മാറുകയാണ്. വെള്ളക്കാരല്ലാത്ത രണ്ടു പേര്‍ക്ക് ആദ്യമായിട്ടാണ് ഈ പുരസ്‍കാരങ്ങള്‍ ലഭിക്കുന്നത്.

പ്രമുഖ അമേരിക്കന്‍ നടന്‍ മഹേര്‍ഷല അലിക്കാണ് മികച്ച സഹനടനുള്ള പുരസ്‍കാരം. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേലിന് ഈ വിഭാഗത്തില്‍ പുരസ്കാരം പ്രതീക്ഷിച്ചിരുന്നു. വയോള ഡേവിസ് ആണ് മികച്ച സഹനടി. ഫെൻസസിലെ അഭിനയത്തിനാണ് പുരസ്കാരം.

മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള പുരസ്‍കാരം  ദ ജംഗിൾ ബുക്ക് നേടി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‍കര്‍ ഇറാനിയന്‍ ചിത്രമായ ദ സെയിൽസ്മാൻ നേടി.മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം പൈപ്പർ . സൂട്ടോപ്പിയയാണ് മികച്ച ആനിമേഷൻ ചിത്രം ഫീച്ചർ ചിത്രം.

മികച്ച ചമയം, കേശാലങ്കാരം വിഭാഗത്തില്‍ അമേരിക്കന്‍ സൂപ്പര്‍ ഹീറോ ചിത്രം സൂയിസൈഡ് സ്ക്വാഡ് ഓസ്കാര്‍ പുരസ്കാരം നേടി.  ഫന്‍റാസ്റ്റിക് ബീസ്റ്റ്സ് ആന്റ് വേർ ടു ഫൈൻഡ് ദെം എന്ന ചിത്രത്തിനാണ്  മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. പുരസ്കാരം അഭയാര്‍ത്ഥികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

ഒ ജെ മെയ്ഡ് ഇന്‍ അമേരിക്കക്കാണ് മികച്ച ഫീച്ചര്‍ ഡോക്യുമെന്ററി വിഭാഗത്തിലെ ഓസ്കാരം പുരസ്കാരം ലഭിച്ചത്. സയന്‍സ് ഫിക്ഷന്‍ ചിത്രമായ അറൈവല്‍ ശബ്ദ സംയോജനത്തിനുള്ള പുരസ്കാരവും ഹാക്സോ റിഡ്ജ്, മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.  

അടുത്തിടെ അന്തരിച്ച ഇന്ത്യന്‍ നടന്‍ ഓംപുരിയെ ഓസ്‍കര്‍ വേദിയില്‍ ആദരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ചുകൊണ്ടാണ് അവതാരകന്‍ ജിമ്മി കിമ്മല്‍  ഓസ്കര്‍ വേദിയിലെത്തിയത്.  ട്രംപിന്റെ മാധ്യമ നയങ്ങളെ കളിയാക്കിയ അദ്ദേഹം വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കിയ മാധ്യമങ്ങള്‍ ഇവിടെയുണ്ടോയെന്നും ചോദിച്ചു. സമാപനത്തിനിടെ ട്രംപിന്‍റെ ട്വീറ്റ് ഒന്നുമില്ലേയെന്നും പരിഹാസമുയര്‍ന്നു.

Photo Courtesy - Patrick T. Fallon (The New York Times)

click me!