
ആലുവ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമാരംഗത്ത് നിന്നും നിരവധി പേരെത്തി. തിരുവോണത്തലേന്നായ ഇന്നലെയാണ് സിനിമാരംഗത്തെ നടന്മാരും സംവിധായകരും പിന്നണി പ്രവര്‍ത്തകരുമടങ്ങുന്നവര്‍ ഓരോരുത്തരായി ജയിലിലേക്ക് എത്തിയത്. സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരാണ് ഉത്രാടനാളില്‍ ജയിലിലെത്തി ദിലീപിനെ കണ്ടത്.
ഇന്നലെ രാവിലെയാണ് കലാഭവന്‍ ഷാജോണ്‍ ജയിലിനുളളിലെത്തി ദിലീപിനെ കണ്ടത്. പത്തുമിനിറ്റാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചതെന്നും കൂടുതലൊന്നും സംസാരിച്ചില്ലെന്നും ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സന്ദര്‍ശനത്തിന് ശേഷം മറ്റു താരങ്ങളൊന്നും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. ദിലീപിന്റെ മൂന്നാമത് ജാമ്യാപേക്ഷയും തളളിയതോടെയാണ് താരങ്ങള്‍ ഓരോരുത്തരായി ജയിലിലേക്ക് എത്തി തുടങ്ങിയത്.
കഴിഞ്ഞ ദിവസം സംവിധായകനും അടുത്ത സുഹൃത്തുമായ നാദിര്‍ഷായും സിനിമാ പ്രവര്‍ത്തകന്‍ ആല്‍വിന്‍ ആന്റണിയും ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി, കാവ്യയുടെ പിതാവ് മാധവന്‍ എന്നിവരും ജയിലില്‍ എത്തിയിരുന്നു. മകളും ഭാര്യയും ദിലീപിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതായിട്ടാണ് വിവരം.
ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തശേഷം ആദ്യമായിട്ടാണ് കാവ്യയും മകള്‍ മീനാക്ഷിയും ജയിലില്‍ എത്തുന്നത്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് താരങ്ങള്‍ ഓരോരുത്തരായി ജയിലിലേക്ക് എത്തുന്നതും. സെപ്റ്റംബര്‍ ആറിന് രാവിലെ ഏഴുമുതല്‍ 11വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ