
ചെന്നൈ: കഴിഞ്ഞ കുറച്ചു ദിനങ്ങളായി മലയാളികളുടെ ഫേസ്ബുക്ക് വാളുകളിലും, വാട്ട്സ്ആപ്പിലും നിറഞ്ഞു നില്‍ക്കുന്ന ഒരു തമിഴ് സിനിമ ക്ലിപ്പാണ് 'കല്ല്യാണമാ, കല്ല്യാണം'. പഴയൊരു തമിഴ് ചിത്രത്തില്‍ നിന്നുള്ള ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തിലെ രംഗമാണിത്. പണക്കാരനും പരിഷ്കാരിയും എന്ന് തോന്നുന്ന മോഹന്‍ എന്ന് പേരായ മകനോട് ഒരു അമ്മ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതും അതിന് മകന്‍ നല്‍കുന്ന മറുപടിയുമാണ് രംഗത്തില്‍.
കല്ല്യാണമാ... കല്ല്യാണമാ... പെരിയാ തൊല്ലയ്.. പെരിയ തൊല്ലയ്... കല്ല്യാണം സെയ്ത് കൊണ്ട് താൻ മനിതൻ വാഴ്ക്കയ് നടത്തവെഡും എന്നത് നാട്ട് സട്ടം.." ( കല്ല്യാണം, പോലും, കാല്ല്യാണം, ഇത് എന്ത് വലിയ ശല്യമാണ്, കല്ല്യാണം കഴിച്ച് മാത്രമേ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയൂ എന്നാണോ ഈ നാട്ടിലെ നിയമം) എന്ന നായകന്‍റെ പ്രതികരണമാണ് പലരെയും ആകര്‍ഷിച്ചത്. 1950 കളിലെ ഈ ചിത്രത്തിലെ രംഗം ഇന്നും പ്രസക്തമെന്ന് കണ്ട് യുവാക്കളാണ് (പ്രത്യേകിച്ച് ഇപ്പോഴും ബാച്ചിലറായ) യുവാക്കളാണ് ഇത് ഷെയര്‍ ചെയ്യുന്നത്. അതിനൊപ്പം തന്നെ ഈ നടനാര്, ഈ സിനിമയേത് എന്നതും ആളുകള്‍ അന്വേഷിക്കുന്നുണ്ട്. അതിനുള്ള ഉത്തരമാണിവിടെ.
1954ല്‍ ഇറങ്ങിയ രത്ത കണ്ണീര്‍ എന്ന ചിത്രത്തിലെ രംഗമാണിത്. ഒരു കാലത്ത് തമിഴ് സിനിമ രംഗത്തെ പ്രധാനതാരമായ എംആര്‍ രാധയാണ് ഇതിലെ മോഹന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നടികവേല്‍ എന്ന് തമിഴ് സിനിമരംഗത്ത് അറിയപ്പെടുന്ന മദ്രാസ് രാജഗോപാല്‍ രാധകൃഷ്ണന്‍ എന്ന എംആര്‍ രാധ. ആരെയും കൂസാത്ത സ്വഭാവവും വ്യത്യസ്ത അഭിനയ ശൈലികൊണ്ടും തമിഴ് സിനിമരംഗത്ത് സ്വന്തം ഇടം നേടിയ വ്യക്തിയാണ് ഇദ്ദേഹം.
എന്നാല്‍ ഇദ്ദേഹത്തെ ഏറ്റവും കുപ്രസിദ്ധനാക്കിയത് തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന എംജിആറിനെ വെടിവച്ചതിലൂടെയാണ്. 1967 ജനുവരി 12നാണ് ഇദ്ദേഹം തര്‍ക്കത്തിന്‍റെ പേരില്‍ എംജിആറിനെ വെടിവച്ചത്. അതിന് ശേഷം സ്വയം ഇദ്ദേഹം വെടിവച്ചു. പിന്നീട് ഈ കേസില്‍ ഏഴു വര്‍ഷത്തോളം ഇദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീടും സിനിമയില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1979ലാണ് ഇദ്ദേഹം അന്തരിച്ചത്.
തമിഴ് സിനിമ രംഗത്ത് സാന്നിധ്യമായ എംആര്‍ആര്‍വാസു ,രാധ രവി അഭിനയേത്രി രാധിക ശരത് കുമാർ എന്നിവര്‍ എംആര്‍ രാധയുടെ മക്കളാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ