മകനെ വളര്‍ത്തിയത് ജാതിയും മതവുമില്ലാതെ: എസ് എ ചന്ദ്രശേഖര്‍

By Web DeskFirst Published Oct 24, 2017, 10:56 AM IST
Highlights

ചരക്കുസേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യയേയും പരിഹസിച്ചു കൊണ്ടുള്ള രംഗങ്ങഴ്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് വിജയ്- അറ്റ്ലി കൂട്ടുകെട്ടില്‍ ഒരുങ്ങിയ മെര്‍സലിനെതിരെയും പിന്തുണച്ചുമുള്ള ചര്‍ച്ചകള്‍ ചൂട് പിടിക്കുകയാണ്. ചിത്രത്തിനെതിരെ തമിഴ്നാട് ബിജെപിയും രംഗത്തെത്തിയിരുന്നു. വിജയ്‍യുടെ മതം പരാമര്‍ശിച്ചും ബിജെപി നേതാക്കള്‍ പ്രസ്താവനകളുമിറക്കിയിരുന്നു. മെര്‍സല്‍ വിവാദത്തില്‍ വിജയ് മൗനം തുടരുകയാണെങ്കിലും വിജയ്‍യുടെ പിതാവ് പ്രതികരിക്കാന്‍ തയ്യാറായി.

ദേശീയ മാധ്യമത്തോടാണ് വിജയ്‍യുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖര്‍ പ്രതികരിച്ചത്. രാഷ്ട്രീയക്കാര്‍ക്ക് സാമാന്യ ബുദ്ധി പോലുമില്ലെന്നും വിശാലമായ ചിന്താരീതികള്‍ ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് നഷ്ടമായിരിക്കുകയാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. സ്കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മകന്റെ പേര് വിജയ് ജോസഫ് എന്നാണ്. എന്നാല്‍ മകനെ വളര്‍ത്തിയത് ജാതിയും മതവുമില്ലാതെയാണെന്നും ചന്ദ്രശേഖര്‍ വിശദമാക്കി. വിജയ് ക്രിസ്ത്യാനി ആണെങ്കില്‍ നേതാക്കള്‍ക്ക് എന്താണ് പ്രശ്നമെന്നും ചന്ദ്രശേഖര്‍ ചോദിക്കുന്നു.

വിജയ് ഒരു നടനാണ് അവന്റെ ഭാഷ സിനിമയാണെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അഴിമതിക്കും ബലാല്‍സംഗത്തിനും രാഷ്ട്രീയക്കാര്‍ പിടിയിലാകുമ്പോള്‍ അവയെ അടിസ്ഥാനമാക്കി ചലചിത്രമാക്കുക സ്വാഭാവികം മാത്രമാണെന്നും അതിന് ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഇത് വരെ ആലോചിച്ചില്ലെന്നും ഒരു പാര്‍ട്ടിയുമായി ധാരണ ഇല്ലെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.

click me!