
ചെന്നൈ: സിനിമയ്ക്കിടെ തിയറ്ററിൽ നിന്ന് പ്രേക്ഷകർ ഇറങ്ങിപ്പോവുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ, സിനിമ അസഹ്യമാണെന്നു കണ്ട് ഇറങ്ങിപ്പോകുന്നത് നായകന്റെ ഭാര്യ തന്നെ ആയാലോ? തമിഴകത്ത് സൂപ്പർ നായകനും നിർമാതാവുമായി വിലസുന്ന ഉദയനിധി സ്റ്റാലിനാണ് ഈ ഗതികേട്. തന്റെ ചില ചിത്രങ്ങൾ കണ്ട് സംവിധായിക കൂടിയായ ഭാര്യ കൃതിക ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയെന്ന് വെളിപ്പെടുത്തിയത് ഉദയനിധി തന്നെയാണ്.
എനിക്ക് സിനിമയുടെ പേര് വെളിപ്പെടുത്താനാവില്ല. എന്നാൽ, ഒരു സിനിമ ചെയ്തതിന് ഭാര്യ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ചില സിനിമകൾ പാതിയായപ്പോൾ തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. സിനിമ ഏതാണെന്ന് പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ടാകും. എന്നാൽ, നല്ല ചിത്രങ്ങളെ പ്രകീർത്തിക്കാനും അവർ മടിക്കാറില്ല.
വളരെ സത്യസന്ധമായാണ് കൃതിക അഭിപ്രായം പറയാറുള്ളത്-ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ ഉദയനിധി പറഞ്ഞു. എന്റെ സിനിമകളുടെയെല്ലാം കഥ അവർ കേൾക്കാറുണ്ട്. കഥ കേട്ടുകഴിഞ്ഞാൽ ഞാൻ അതിന്റെ അഭിപ്രായം ചോദിക്കും. സിനിമയുടെ ഫസ്റ്റ് കോപ്പി ആയാൽ അതും കാണിക്കും. അതിനെക്കുറിച്ചുള്ള അഭിപ്രായവും തുറന്നുപറയും-ഉദയനിധി പറഞ്ഞു.
ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്റെ മകനായ ഉദയഗിരി ഇപ്പോൾ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രിയദർശനാണ് സംവിധായകൻ. നമിത പ്രമോദാണ് നായിക. ഒരു ഡസനിലേറെ ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ് ഉദയനിധി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ