മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ സിദ്ധാർഥ് പ്രഭുവിനെ നാട്ടുകാർ കൈയേറ്റം ചെയ്തതിനെതിരെ നടൻ ജിഷിൻ മോഹൻ.

കഴിഞ്ഞ ദിവസം കോട്ടയം നാട്ടകം എംസി റോഡിൽ വച്ച് സീരിയൽ താരം സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചത് വലിയ വാർത്തയായിരുന്നു. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തർക്കത്തിൽ ഏർപ്പെട്ടതും വലിയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോഴിതാ നാട്ടുകാരുടെ പ്രവൃത്തിയെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് സീരിയൽ താരം ജിഷിൻ മോഹൻ. മദ്യപിച്ച് വാഹനമോടിക്കുന്നതിനെയോ അപകടം ഉണ്ടാക്കുന്നതിനെയോ താൻ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായി തോന്നിയെന്നുമാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ജിഷിൻ മോഹൻ പ്രതികരിച്ചത്.

"നമ്മുടെ സഹപ്രവർത്തകൻ സിദ്ധാർഥ് മദ്യപിച്ച് വണ്ടിയോടിച്ച്, ആ വണ്ടിയൊരാളെ തട്ടി. ഇതിനെ ന്യായീകരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നില്ല. ഇതിൽ നാട്ടുകാർ ചെയ്ത പ്രവൃത്തി ഭീകരമായിട്ട് തോന്നി. ഇവർ ചെയ്തത് ക്രിമിനൽ ആക്ടിവിറ്റിയാണ്. മദ്യപിച്ചയാളെ പൊലീസിൽ ഏൽപ്പിക്കുകയാണ് വേണ്ടത്. നാട്ടുകാർ ഇവന്റെ കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുന്നു. ഇതാണോ കേരളം, ഇതാണോ പ്രബുദ്ധകേരളം?മധുവിനെ തല്ലിക്കൊന്നപ്പോൾ കുറേപേർ പരിതപിച്ചിരുന്നു. എവിടെ പരിതാപമൊന്നുമില്ലേ ആർക്കും. എന്തേ, കാരണം അവൻ ആർടിസ്റ്റാണ്, സെലിബ്രിറ്റിയാണ്." ജിഷിൻ പറയുന്നു.

View post on Instagram

"എന്ന് വച്ചാല്‍ മാക്സിമം അവനെ ചവിട്ടിതാഴ്ത്തണം. ഇപ്പോ കുറേ പേർ പറയുന്നുണ്ട് അവൻ വണ്ടിയിടിച്ചതിനാൽ അല്ലേ അങ്ങനെ ചെയ്തത് എന്ന്. ഇത് കൈകാര്യം ചെയ്യാനാണോ നാട്ടുകാർ? ഇവിടെ പൊലീസും കോടതിയും ഒന്നുമില്ലേ, ലോകത്തിൽ ആദ്യമായി മദ്യപിച്ച് വണ്ടിയോടിച്ച ആളല്ല സിദ്ധാർഥ്, ക്രിസ്മസ് ന്യൂ ഇയർ ടൈമിൽ എല്ലാവരും മദ്യപിച്ചൊക്കെ തന്നെയാകും വണ്ടിയോടിക്കുന്നത്. അത് നല്ലതല്ല, അനുകൂലിക്കുന്നുമില്ല, പക്ഷേ ഇതിൽ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഒരാളെ വലിച്ചിഴച്ചല്ല, ശ്വാസം മുട്ടിച്ചല്ല പ്രതികരിക്കേണ്ടത്. പ്രബുദ്ധകേരളമാണ് പോലും, നാണിമില്ലേ കേരളത്തിലേ ജനങ്ങളേ, നിങ്ങൾക്ക് പ്രതികരിക്കേണ്ടേ? ലജ്ജ തോന്നുന്നു." ജിഷിൻ കൂട്ടിച്ചേർത്തു.

YouTube video player