
മുല്ലപ്പൂ കൈവശംവെച്ച് കൊണ്ട് ഓസ്‌ട്രേലിയയിലേക്ക് യാത്ര നടത്തിയ നവ്യ നായർക്ക് മെൽബൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് അധികൃതർ ഒരു ലക്ഷത്തിലേറെ രൂപ പിഴ ഈടാക്കിയിരുന്നു. ഓസ്‌ട്രേലിയയിലേക്ക് വരുന്നതിന് മുൻപ് അച്ഛനാണ് തനിക്ക് മുല്ലപ്പൂ വാങ്ങിത്തന്നതെന്നും സിങ്കപ്പൂർ വരെ ഒരു കഷ്ണം തലയിൽ അണിഞ്ഞുവെന്നും ബാക്കിയുള്ളത് ബാഗിൽ സൂക്ഷിച്ചുവെന്നും നവ്യ നായർ പറയുന്നു. അറിയാതെ ചെയ്ത തെറ്റാണെന്നും, 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതര്‍ 1980 ഡോളര്‍ പിഴയാണ് ഈടാക്കിയതെന്നും പരിപാടിക്കിടെ നവ്യ നായർ പറഞ്ഞു.
"ഇങ്ങോട്ട് വരുന്നതിന് മുമ്പ് എന്റെ അച്ഛനാണ് എനിക്ക് മുല്ലപ്പൂ വാങ്ങിത്തന്നത്. അത് രണ്ട് കഷ്ണമായി മുറിച്ചാണ് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു കഷ്ണം മുടിയില്‍ അണിയാന്‍ പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്ക് അത് വാടിപ്പോകുംമെന്നും, സിങ്കപ്പൂരില്‍ നിന്ന് അണിയാനായി രണ്ടാമത്തെ കഷ്ണം ഹാന്‍ഡ്ബാഗില്‍ വെക്കാനും അദ്ദേഹം പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാന്‍ അത് എന്റെ ഹാന്‍ഡ് ബാഗില്‍ വെച്ചു. എന്നാല്‍ ഞാന്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്മ ഒഴികഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതര്‍ എന്നോട് 1980 ഡോളര്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്കറിയാം. പക്ഷേ അത് മനഃപൂര്‍വമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്." നവ്യ നായർ പറഞ്ഞു. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു നവ്യ നായരുടെ പ്രതികരണം.
അതേസമയം ലോകത്തിലെ തന്നെ ഏറ്റവും കർശനമായ ബയോ സെക്യൂരിറ്റി ആക്ട് നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഓസ്‌ട്രേലിയയും ന്യൂസിലന്റും. ദ്വീപ രാഷ്ട്രങ്ങളായതുകൊണ്ട് തന്നെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്ലാത്ത സസ്യ ജാലങ്ങളും ജീവജാലങ്ങളും ഓസ്‌ട്രേലിയയിൽ കാണാൻ കഴിയും. മാത്രമല്ല ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് കൃഷി. അതുകൊണ്ട് തന്നെ ഇതിനെയെല്ലാം സംരക്ഷിച്ച്നിർത്താൻ ജൈവ സുരക്ഷ അതീവ കർശനമായിട്ടുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. വിദേശത്ത് നിന്നുള്ള ഒരു തരത്തിലുള്ള കീടങ്ങളും രോഗങ്ങളും തങ്ങളുടെ രാജ്യത്തിലേക്ക് എത്താതിരിക്കാനുള്ള കർശനമായ നിയമങ്ങളുണ്ട്. വിദേശത്ത് നിന്നും വരുന്നവർ എന്തൊക്കെ കൊണ്ടുവരാൻ പാടില്ല എന്നുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഓസ്‌ട്രേലിയയിൽ നിലനിൽക്കുന്നുണ്ട്. മാംസം, സസ്യങ്ങളുടെ ഭാഗങ്ങൾ, മണ്ണ് തുടങ്ങിയ തടുങ്ങിയ കാര്യങ്ങളിലെല്ലാം കർശനമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ നവ്യാ നായർക്ക് ഇത്തരം നടപടി നേരിടേണ്ടി വന്നിട്ടുള്ളത്. ശക്തമായ സുരക്ഷ കാര്യങ്ങൾ ഉണ്ടെങ്കിലും വിമാനത്താവളത്തിൽ നിന്നും കൃത്യമായി ഡിക്ലെയർ ചെയ്‌താൽ പിഴ അടക്കേണ്ടി വരില്ല.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ