കൊച്ചി മെട്രോയും ശ്രീധരനും ഇനി സിനിമയില്‍

By Web DeskFirst Published Jun 16, 2017, 6:47 PM IST
Highlights

കൊച്ചിയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, സിനിമയ്‌ക്ക് കൂടി അത് പശ്ചാത്തലമാകുകയാണ്. റിമ കല്ലിങ്കല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയ്‌ക്ക് 'അറബിക്കടലിന്റെ റാണി- ദി മെട്രോ വുമണ്‍' എന്നാണ് പേരിട്ടിരിക്കുന്നത്. കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ വരുന്ന സിനിമയില്‍ മെട്രോമാന്‍ ഇ ശ്രീധരനായി പ്രമുഖ സൂപ്പര്‍താരം വേഷമിടുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ എം യു പ്രവീണ്‍ ഏഷ്യാനെറ്റ് ന്യൂസ് . ടിവിയോട് പറഞ്ഞു. ചിത്രത്തില്‍ ഇ മാധവന്‍ എന്ന പേരിലാകും ഈ കഥാപാത്രം അറിയപ്പെടുന്നത്. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകുന്ന അതേദിവസം തന്നെ സിനിമയുടെ ഔദ്യോഗികപ്രഖ്യാപനമുണ്ടാകും.

37കാരിയായ ലതിക എന്ന കഥാപാത്രത്തെയാണ് റിമ കല്ലിങ്കല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റാണി പത്മിനി എന്ന കപ്പല്‍ നീറ്റിലിറക്കുന്നതിനായി ഇ മാധവന്‍ ആദ്യമായി കൊച്ചിയില്‍ വന്ന ദിവസമാണ് ലതിക ജനിക്കുന്നത്. അതുകൊണ്ടുതന്നെ ഇ മാധവനും താനുമായി എന്തോ ഒരു ബന്ധമുണ്ടെന്നാണ് ലതിക കരുതുന്നത്. തൃപ്പുണിത്തുറ സ്വദേശിനിയായ ലതിക ഇപ്പോള്‍ സെയില്‍സ്‌ ഗേള്‍ ആണ്. തൃപ്പുണിത്തുറയില്‍ മെട്രോ സ്റ്റേഷന് വേണ്ടി സ്ഥലം വിട്ടുനല്‍കണമെന്ന ആവശ്യവുമായി അധികൃതര്‍ ലതികയെ സമീപിക്കുന്നു. എന്നാല്‍ സഥലം വിട്ടുനില്‍കാന്‍ ലതിക തയ്യാറാകുന്നില്ല. ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇ മാധവനെ കാണാന്‍ ലതിക നിരന്തരം ശ്രമിക്കുന്നുണ്ട്. ഒടുവില്‍ ഇ മാധവന്‍, ലതികയുടെ വീട്ടിലേക്ക് വരുന്നുണ്ട്. മെട്രോ സ്റ്റേഷനായി സ്ഥലം വിട്ടുനല്‍കാതിരിക്കാന്‍ ലതികയ്‌ക്ക് അവരുടേതായാ ഒരു കാരണമുണ്ട്. ഇതാണ് സിനിയുടെ സസ്‌പെന്‍സ്.

പത്മകുമാറും പ്രമുഖ തിരക്കഥാകൃത്ത് ടി എസ് സുരേഷ് കുമാറും ചേര്‍ന്നാണ് 'അറബിക്കടലിന്റെ റാണി- ദി മെട്രോ വുമണ്‍' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. എസ് സുരേഷ് ബാബു സംവിധായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രമുഖ നാടകപ്രവര്‍ത്തകന്‍ എം യു പ്രവീണും എസ് സുരേഷ് ബാബുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു നീലകണ്‌ഠനാണ് ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിങ് വിനോദ് സുകുമാരനും കലാ സംവിധാനം മനുജഗത്തും നിര്‍വ്വഹിക്കും. അനൂപ് മേനോന്‍, അരുണ്‍ നാരായണ്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, ഷീലു എബ്രഹാം എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ ഉദ്ദേശിക്കുന്ന 'അറബിക്കടലിന്റെ റാണി- ദി മെട്രോ വുമണ്‍' നിര്‍മ്മിച്ചിരിക്കുന്നത് വി ജി ഫിലിംസ് ഇന്റര്‍നാഷണലാണ്.

click me!