കേട്ടത് ശരിയാണ്, മമ്മൂട്ടിയുടെ പങ്കാളിത്തത്തോടെ ഒടിയന്‍ പൂര്‍ണമെന്ന് ശ്രീകുമാര്‍ മേനോന്‍

By Web TeamFirst Published Dec 3, 2018, 7:49 PM IST
Highlights

റിലീസ് ദിനമായ 14ന് പുലര്‍ച്ചെ മുതല്‍ പ്രത്യേക ഷോകളുമായി ആഘോഷത്തിന് ആരാധകര്‍ ഒരുങ്ങിയിരിക്കുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തുകയാണ് സംവിധായകന്‍. നേരത്തേ വാര്‍ത്തകള്‍ പുറത്തെത്തിയതുപോലെ മമ്മൂട്ടിയുടെ പങ്കാളിത്തം ഒടിയനില്‍ ഉണ്ടെന്നതാണ് അത്.

ഏറെക്കാലമായി ചലച്ചിത്രപ്രേമികളില്‍ ആകാംക്ഷയുള്ള മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ഇനി പത്ത് ദിവസം കൂടി മാത്രം. മോഹന്‍ലാലിനെ നായകനാക്കി എംടിയുടെ തിരക്കഥയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായി എംടിയുടെ രണ്ടാമൂഴം ഒരുക്കുമെന്ന് അനൗണ്‍സ് ചെയ്ത ശ്രീകുമാര്‍ മേനോന്‍ അതിനുമുന്‍പ് സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍. റിലീസ് ദിനമായ 14ന് പുലര്‍ച്ചെ മുതല്‍ പ്രത്യേക ഷോകളുമായി ആഘോഷത്തിന് ആരാധകര്‍ ഒരുങ്ങിയിരിക്കുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തുകയാണ് സംവിധായകന്‍. നേരത്തേ വാര്‍ത്തകള്‍ പുറത്തെത്തിയതുപോലെ മമ്മൂട്ടിയുടെ പങ്കാളിത്തം ഒടിയനില്‍ ഉണ്ടെന്നതാണ് അത്.

"എന്നാല്‍ അതിഥിതാരമായല്ല, നേരത്തേ കേട്ടിരുന്നതുപോലെ ശബ്ദ സാന്നിധ്യമായാണ് മമ്മൂട്ടിയുടെ പങ്കാളിത്തം ചിത്രത്തില്‍. മമ്മൂക്കയ്ക്ക് നന്ദി. ഇതൊരു സ്വപ്നം സഫലമാകുന്ന നിമിഷമാണ്. നിങ്ങളുടെ മുഴക്കമുള്ള ശബ്ദത്തില്‍ എന്‍റെ ഒടിയന്‍ പൂര്‍ത്തിയായി", ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിക്കൊപ്പം ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം സഹിതമാണ് ശ്രീകുമാറിന്‍റെ പോസ്റ്റ്.

പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സംഘട്ടനസംവിധാനം നിര്‍വ്വഹിക്കുന്നത്.

click me!