അടുത്ത പ്രണയദിനത്തില്‍ ഒമറിന്‍റെ അഡാര്‍ ലൗ പ്രേക്ഷകരിലേക്ക്

By Web TeamFirst Published Dec 13, 2018, 9:13 AM IST
Highlights

ഒരു അഡാര്‍ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും ചര്‍ച്ചയാകുന്ന തരത്തില്‍ മാണികൃ മലരായ പൂവി ഹിറ്റായതോടെ വിവാദവും കൊഴുക്കുകയായിരുന്നു

നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം ഒമര്‍ ലുല്ലിവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു അഡാര്‍ ലൗ പ്രേക്ഷകരിലേക്ക്. 2019ലെ പ്രണയദിനത്തില്‍, അതായത് ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലെ സിനിമയുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരിക്കുന്നത്.

ഒരു അഡാര്‍ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ചര്‍ച്ചയാകുന്ന തരത്തില്‍ മാണിക്യ മലരായ പൂവി ഹിറ്റായതോടെ വിവാദവും കൊഴുക്കുകയായിരുന്നു.

പ്രവാചക നിന്ദ ആരോപിച്ച് നടന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം സംവിധായകന്‍ ഒമറിനും നിര്‍മാതാവിനും പാട്ടില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാര്യര്‍ എന്നിവര്‍ക്കുമെതിരെ കേസുകളും വന്നു. ഇതിനിടെ പാട്ടില്‍ പുരികം അനക്കി ശ്രദ്ധ നേടിയ പ്രിയ പ്രകാശ് വാര്യര്‍ മലയാള സിനിമയെ അതിശയിപ്പിക്കുന്ന തരത്തില്‍ ചര്‍ച്ചയായി മാറി.

ഈ വര്‍ഷം ഗൂഗിളില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തി എന്ന നേട്ടം പോലും പ്രിയ സ്വന്തമാക്കി. ഇതിന് ശേഷം ചിത്രത്തിന്‍റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും വെെറലായി മാറി. എന്നാല്‍, ഇത്രയും ഹെെപ്പില്‍ നില്‍ക്കുമ്പോഴും ചിത്രം പുറത്തിറങ്ങാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു.

ഹാപ്പി വെഡിംഗ്, ചങ്ക്സ് എന്നീ സിനിമകള്‍ക്ക് ശേഷം യുവ സംവിധായകന്‍ ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളെത്തുന്ന സിനിമയുടെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ്. 

 

click me!