
കൊച്ചി: ഒരു അഡാർ ലൗ സിനിമയിലെ ഹിറ്റ് ഗാനം 'മാണിക്യമലരായ പൂവി'യെ ചൊല്ലി വിവാദം ചൂടുപിടിക്കുന്നു. ഗാനം പിൻവലിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തങ്ങൾക്ക് ലഭിക്കുന്ന പിന്തുണ കണക്കിലെടുത്ത് തീരുമാനം മാറ്റുകയാണെന്ന് സംവിധായകൻ ഒമർ ലുലു അറിയിച്ചു. അതേസമയം പാട്ട് പിൻവലിച്ചില്ലെങ്കിൽ ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുംബൈയിൽ ചേർന്ന മുസ്ലീം മതപണ്ഡിതന്മാരുടെ യോഗം വ്യക്തമാക്കി.
പുറത്തിറങ്ങി മണിക്കൂറുകൾക്കകം തരംഗമായ പാട്ടിനെതിരെ കേസുണ്ടായത് വേദനിപ്പിച്ചുവെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു സംവിധായകൻ ഒമർ ലുലുവിന്‍റെ ആദ്യ നിലപാട്. എന്നാൽ ഒരു ചാനൽ ചർച്ചയിൽ നിലപാട് മാറ്റിയ സംവിധായകൻ പാട്ട് പിൻവലിക്കുകയാണെന്ന് പറഞ്ഞു. വൈകാതെ മാധ്യമങ്ങളെ കണ്ട സംവിധായകൻ നിലപാട് വീണ്ടും തിരുത്തി.
സമൂഹത്തിന്‍റെ വിവിധ മേഖലയിൽ നിന്ന് ലഭിക്കുന്ന പിന്തുണ ഊർജ്ജമായെന്നും ഗാനം പിൻവലിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയെന്നും അണിയറപ്രവർത്തകർ പറഞ്ഞു. ചിത്രത്തിലഭിനയിച്ച പുതുമുഖ താരങ്ങൾക്കെതിരെയും കേസുണ്ടാകുമെന്ന ആശങ്കയാണ് ഗാനം പിൻവലിക്കാനുള്ള നീക്കം നടത്താൻ കാരണമായത് എന്ന് അണിയറപ്രവർത്തകർ വിശദീകരിച്ചു. ചിത്രീകരണം പൂർത്തിയാകും മുമ്പുണ്ടായ വിവാദം റിലീസിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടെന്നും അണിയറപ്രവർത്തകർ പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ