
2018ലെ ഓസ്കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 13 നാമനിര്‍ദ്ദേശങ്ങളോടെ ദ ഷേപ്പ് ഓഫ് വാട്ടര്‍ ആണ് മുന്നില്‍. എട്ട് നോമിനേഷനുകളുമായി ഡന്‍ക്രിക്ക് ആണ് രണ്ടാം സ്ഥാനത്തുണ്ട്.
90-ാമത് അക്കാദമി അവാര്‍ഡുകള്‍ മാര്‍ച്ച് നാലിന് പ്രഖ്യാപിക്കാനിരിക്കെ ഏതൊക്കെ സിനിമകളാകും ലോകസിനിമയുടെ നെറുകയിലേക്കെത്തുക എന്ന കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. ഓസ്കര്‍ നാമനിര്‍ദ്ദേശപ്പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഗില്ലേര്‍മൊ ഡെല്‍ ടോറോയുടെ ദ ഷേപ്പ് ഓഫ് വാട്ടര്‍ 13 നോമിനേഷനുകളുമായി മുന്നിലെത്തി. 8 നാമനിര്‍ദ്ദേശങ്ങളുമായി ഡന്‍ക്രിക്ക് ആണ് രണ്ടാം സ്ഥാനത്ത്. മികച്ച ചിത്രത്തിനും നടിക്കുമുള്ള ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം നേടിയ മാര്‍ട്ടിന്‍ മക്ഡൊനയുടെ ത്രീ ബില്‍ ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ് ഏഴ് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം നേടി.
മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരത്തിനായി നാമനിര്‍ദ്ദേശം ലഭിച്ചവരില്‍ ഡാര്‍ക്കസ്റ്റ് അവര്‍ എന്ന ചിത്രത്തില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലായെത്തി ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം നേടിയ ഗാരി ഓര്‍ഡ്മാനും ഫാന്റം ത്രെഡിലെ പ്രകടനത്തിലൂടെ ഡാനിയല്‍ ഡേലെവിസുമാണ് മുന്നില്‍. ദ ഷേപ്പ് ഓഫ് വാട്ടറിലെ പ്രകടനത്തിലൂടെ സാലി ഹോക്കിന്‍സ് മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടം നേടി. ത്രീ ബില്‍ ബോര്‍ഡ്സിലെ പ്രകടനത്തിന് ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം നേടിയ ഫ്രാന്‍സിസ് മക്ഡോര്‍മന്റ്,സ്റ്റീഫന്‍ സ്‌പീല്‍ബര്‍ഗിന്റെ ദ പോസ്റ്റിലെ പ്രകടനത്തിലൂടെ മെറില്‍ ട്രീപ്പ് തുടങ്ങിയവരും മികച്ച നടിക്കായുള്ള മത്സരത്തിലുണ്ട്.
മഡ്ബൗണ്ട് എന്ന ചിത്രത്തിലൂടെ റേച്ചല്‍ മോറിസ്സണ്‍ ഓസ്കര്‍ ചരിത്രത്തിലാദ്യമായി ഛായാഗ്രഹണത്തിനുള്ള നാമനിര്‍ദ്ദേശം നേടുന്ന വനിതയായി. ക്രിസ്റ്റഫര്‍ നോലന്‍, പോള്‍ തോമസ് ആന്‍ഡേര്‍സണ്‍, ഗില്ലേര്‍മൊ ഡെല്‍ ടോറോ,ഗ്രേറ്റ ഗെര്‍വിഗ് തുടങ്ങിയവര്‍ മികച്ച സംവിധായകനുള്ള നാമനിര്‍ദ്ദേശപ്പട്ടികയില്‍ ഇടം നേടി. നാമനിര്‍ദ്ദേശപ്പട്ടിക പ്രഖ്യാപിക്കാന്‍ ഹോളിവുഡ് താരങ്ങള്‍ക്കൊപ്പം പ്രിയങ്ക ചോപ്രയെത്തിയത് ഇന്ത്യയ്‌ക്ക് അഭിമാനമായി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ