
ജയ്പൂര്‍: വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ പേരിലെ മാറ്റത്തോടെ പദ്മാവതി റിലീസ് ചെയ്യാനിരിക്കെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് രാജസ്ഥാന്‍. പദ്മാവദ് എന്ന് പേര് മാറ്റിയ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ പറഞ്ഞു.
റാണി പദ്മാവതിയുടെ രക്തസാക്ഷിത്വവും ത്യാഗവും തങ്ങളുടെ അഭിമാനമാണ്. ഇത് വ്രണപ്പെടുത്താനാകില്ല. ചരിത്രത്തിനും അപ്പുറമാണ് പദ്മാവതി. രാജസ്ഥാനിലെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടരിയയോട് ആവശ്യപ്പെട്ടതായും വസുന്ധര രാജെ വ്യക്തമാക്കി.
ചിത്രം ഈ മാസം 25 ന് റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തിന്റെ പേരില്‍ അടക്കം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം കാണാന്‍ നിയോഗിച്ച ആറംഗ വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഉപാദികള്‍ അംഗീകരിച്ചാല്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.
സിനിമയുടെ പേര് പദ്മാവത് എന്നാക്കണം. സിനിമ തുടങ്ങുന്‌പോഴും ഇടവേളകളിലും ചരിത്രവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം. ചിത്രത്തില്‍ 26 ഭാഗങ്ങളില്‍ മാറ്റം വരുത്തണം എന്നിവയായിരുന്നു ഉപാധികള്‍. സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവച്ച ഉപാധികള്‍ നിര്‍മാതാക്കള്‍ അന്നു തന്നെ അംഗീകരിച്ചിരുന്നു. ചരിത്രത്തിന്റെ ഭാഗികാവതരണം ഒഴിവാക്കാന്‍ സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചരിത്രം വളച്ചൊടിച്ചുവെന്നും രജപുത്രരാജ്ഞിയെ മോശമായി ചിത്രീകരിച്ചു എന്നുമായിരുന്നു ചിത്രത്തിനെതിരായ ആരോപണം.
ചിത്രത്തിനെതിരെ കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു. പദ്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ ജീവനൊടുക്കുക വരെയുണ്ടായി. പദ്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ നിവേദനങ്ങളും സമര്‍പ്പിച്ചു.
ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും 'പദ്മാവതി'ക്ക് വാര്‍ത്താപ്രാധാന്യം നേടികൊടുത്തിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ