
സഞ്ജയ് ലീല ബന്‍സാരി ചിത്രം പത്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് എം എം ഹസ്സന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ചിത്രത്തിനെതിരെ രാജ്യത്തെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സിനിമ കേരളത്തിലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കര്‍ണിസേന തലവന്‍ സുഗ്ദേവ് സിങ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. രജപുത് റാണി പത്മാവതിയെ അപമാനിക്കാൻ അനുവദിക്കില്ലെന്നും ചിത്രം കേരളത്തില്‍ റിലീസ് ചെയ്താല്‍ തീയേറ്റര്‍ കത്തിക്കുമെന്നായിരുന്നു സുഗ്ദേവ് സിങ്ങിന്‍റെ ഭീഷണി.
ചരിത്രം വളച്ചൊടിക്കുന്നതാണ് ചിത്രമെന്ന് ആരോപിച്ച് കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു. പത്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയിൽ ജീവനൊടുക്കുക വരെയുണ്ടായി. പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്മാവതിയുടെ റിലീസ് തടയണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിന് മധ്യപ്രദേശിലും ഗുജറാത്തിലും വിലക്കുണ്ട്.
തീയറ്ററുകള്‍ക്കെതിരെ ആക്രമണങ്ങള്‍, കോലം കത്തിക്കല്‍ തുടങ്ങി രാജ്യത്തുടനീളം ചിത്രത്തിനെതിരെ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ നിവേദനങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. ചിത്രത്തിന് ഇതുവരെ സെന്‍സര്‍ബോര്‍ഡ് അനുമതി പോലും കിട്ടിയിട്ടില്ല. നായിക ദീപിക പദുക്കോണിനും സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കും സിനിമയുടെ പേരിൽ വധഭീഷണി നേരിട്ടിരുന്നു. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും 'പദ്മാവതി'ക്ക് വാര്‍ത്താപ്രാധാന്യം നേടിക്കൊടുത്തിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ