
ജയ്പുർ: സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുമ്പോള്‍ ചിത്രം റിലീസിലെത്തുന്ന നവംബർ ഒന്നിന് കർണി സേന ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. സംഘടനാ കണ്‍വീനർ ലോകേന്ദ്ര സിംഗ് കൽവിയാണ് ഈ ആഹ്വാനം നടത്തിയത്. തിയറ്ററുകൾ കത്തിക്കുന്നത് കഴിയുമെങ്കിൽ തടയാനും കർണി സേന നേതാവ് വെല്ലുവിളിക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റാണി പത്മാവതിയെ അവതരിപ്പിക്കുന്ന ദീപിക പദുക്കോണിന്റെ വസ്ത്ര ധാരണത്തെയും നേതാവ് പരിഹസിച്ചു. അർധനഗ്നമായി നൃത്തം ചെയ്യുന്ന ദീപിക എങ്ങനെയാണ് ഇന്ത്യൻ വനിതയെ പ്രതിനിധീകരിക്കുന്നതെന്നും കൽവി ചോദിച്ചു.
പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്മാവതിയുടെ റിലീസ് തടയണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് ചിത്രമെന്നും അനുമതി നല്കിയ തീരുമാനം സെന്‍സര്‍ ബോര്‍ഡ് പുനഃപരിശോധിക്കണമെന്നും ബി.ജെ.പി വൈസ്പ്രസിഡന്റ് ഐ.കെ ജഡേജ പറഞ്ഞു.
രജപുത്ര സംസ്കാരത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന രണ്ടുതവണ ഷൂട്ടിംഗ് സെറ്റ് ആക്രമിച്ചിരുന്നു. ആദ്യം രാജസ്ഥാനില്‍ വച്ച് സംവിധായകന് ബന്‍സാലിയെ ആക്രമിക്കുകയും സെറ്റ് അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പിന്നീട് കോലാപ്പൂരില്‍ 50,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരുന്ന സെറ്റും പൂര്‍ണ്ണമായി നശിപ്പിച്ചിരുന്നു.
കൂടാതെ ഗുജറാത്തിലെ സൂറത്തിൽ ഒരുക്കിയ പത്മാവതിയുടെ രംഗോലി കലാരൂപം ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ജയ് ശ്രീറാം വിളികളുമായി എത്തിയ നൂറോളം വരുന്ന അക്രമിസംഘമാണ് രംഗോലി നശിപ്പിച്ചത്. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ