അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയമില്ല, കസബ വിവാദത്തില്‍ വേദനിപ്പിച്ചത് സ്ത്രീകളുടെ നിലപാട്- പാര്‍വതി

By Web DeskFirst Published Apr 8, 2018, 10:03 AM IST
Highlights
  • എനിക്കെതിരെ സിനിമയില്‍ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പലരും ആവശ്യപ്പെട്ടു

സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന നടിയെന്ന് വേണമെങ്കില്‍ പാര്‍വതിയെ പറയാം. പാര്‍വതിയുടെ അഭിപ്രായങ്ങളും ആശയങ്ങളും പലപ്പോഴും വലിയ വിമര്‍ശനങ്ങള്‍ക്ക്  വഴിവെച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്. 

കസബ വിവാദത്തില്‍ തന്നെ ഏറ്റവും വേദനിപ്പിച്ചത് ചില സ്ത്രീകളുടെ നിലപാടായിരുന്നെന്ന് പറയുന്നു നടി പാര്‍വ്വതി. ജീന്‍സ് നിര്‍മ്മാതാക്കളായ ലെവിസിന്റെ ഐ ഷേപ് മൈ വേള്‍ഡ് എന്ന ടോക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാര്‍വതി. ‘ ഈ സിനിമയെ വിമര്‍ശിച്ച ആദ്യയാള്‍ ഞാനല്ല. എനിക്ക് മുന്‍പും പലരും വിമര്‍ശിച്ചിരുന്നു. അന്ന് എനിക്ക് നേരെ ഉയര്‍ന്ന ആക്രമണത്തെക്കാള്‍ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്.

പുരുഷന്‍ മര്‍ദ്ദിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു. കമന്റുകള്‍ വായിച്ചതിനു ശേഷം സംശയം തോന്നി എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി ഞാന്‍ കണ്ടുനോക്കി. ഞാന്‍ പറഞ്ഞത് ശരിയായിരുന്നു. ആരെയും വ്യക്തിപരമായി ഞാന്‍ അധിക്ഷേപിച്ചിട്ടില്ല.

ഈ പ്രശ്‌നത്തിനുശേഷം എനിക്കെതിരെ സിനിമയില്‍ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പലരും ആവശ്യപ്പെട്ടു. സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് എനിക്ക് ഭയമില്ല. ഞാന്‍ പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും’- പാര്‍വതി പറഞ്ഞു.


 

click me!