
സിനിമാ- മിമിക്രിതാരം പാഷാണം ഷാജിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ അഭിഭാഷകനടക്കം രണ്ടു പേർ കൊച്ചിയിൽ പിടിയിൽ. സ്റ്റേജ് ഷോയുടെ ഭാഗമായി സ്നേക്ക് ഡാൻസ് അവതരിപ്പിച്ചതിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ പത്തുലക്ഷം രൂപ ആവശ്യപ്പെട്ടത്.
പാഷാണം ഷാജി എന്ന പേരിൽ സിനിമാ – മിമിക്രി രംഗത്ത് അറിയപ്പെടുന്ന സാജു നവോദയയാണ് പരാതിയുമായി കൊച്ചി സിറ്റി പൊലീസിനെ സമീപിച്ചത്. കേസെടുത്ത പാലാരിവട്ടം പൊലീസ് ഇടപ്പള്ളി സ്വദേശികളായ അഡ്വ ദേവസി തോമസ്, കൃഷ്‍ണദാസ് എന്നിവരെ അറസ്റ്റുചെയ്‍തു. കൊച്ചി കാക്കനാട് വച്ച് നടന്ന ഒരു സ്റ്റേജ് ഷോയ്‍ക്കിടെ സാജുവിന്റെ സംഘാംഗങ്ങളിൽ ഒരാൾ പാമ്പിനെ ഉപയോഗിച്ച് നൃത്തം ചെയ്‍തിരുന്നു. ഇതിൽ വനം -വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരണം തേടുകയും താക്കിത് നൽകുകയും ചെയ്‍തിരുന്നു. എന്നാൽ ഈ സംഭവത്തിൽ വനം വകുപ്പിന്പരാതി നൽകുമെന്നും കേസിൽ കുടുക്കുമെന്നും പറഞ്ഞ് ദേവസിതോമസും കൃഷ്‍ണദാസും സാജുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. പരാതി നൽകാതിരിക്കാൻ 10 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.നിരന്തരം ഭീഷണി തുടർന്ന സാഹചര്യത്തിൽ സാജു പൊലീസിനെ സമീപിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം പണം നൽകാമെന്ന് ഇവരെ അറിയിച്ചു. തുടർന്ന് പൊലീസ് പറഞ്ഞ സ്ഥലത്തേക്ക് ഇരുവരെയും വിളിച്ചുവരുത്തി. പിന്നാലെ പൊലീസ് അറസ്റ്റുചെയ്‍തു.
പ്രതികൾക്ക് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരിൽ നിന്ന് സഹായം ലഭിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം പൊലീസ് വിശദമായി പരിശോധിക്കും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ