ആരാണ് 'അതിരന്‍'? പി എഫ് മാത്യൂസിന്റെ മറുപടി

By Web TeamFirst Published Feb 23, 2019, 5:07 PM IST
Highlights

സായ് പല്ലവി, പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ലെന, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കരിയറിലെ മികച്ച കാലത്തിലൂടെ കടന്നുപോവുകയാണ് ഫഹദ് ഫാസില്‍. നായകന്‍ എന്ന് പറയാനാവില്ലെങ്കിലും സൗബിനും ഷെയ്ന്‍ നിഗത്തിനുമൊക്കെയൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'കുമ്പളങ്ങി നൈറ്റ്‌സ്' തീയേറ്ററുകളില്‍ നിറഞ്ഞോടുന്നു. അതിന് മുന്‍പെത്തിയ ഞാന്‍ പ്രകാശനും വരത്തനും സൂപ്പര്‍ ഹിറ്റുകളായിരുന്നു. വിജയ് സേതുപതിക്കൊപ്പമെത്തുന്ന തമിഴ് ചിത്രം 'സൂപ്പര്‍ ഡീലക്‌സാ'ണ് ഫഹദിന്റേതായി അടുത്ത് തീയേറ്ററുകളിലെത്തുന്ന സിനിമ. മലയാളത്തിലെ അടുത്ത ചിത്രം പി എഫ് മാത്യൂസ് തിരക്കഥയൊരുക്കുന്ന 'അതിരനും'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററല്ലാതെ സിനിമയെയോ ഫഹദിന്റെ നായക കഥാപാത്രത്തെയോ സംബന്ധിച്ച വിശദാംശങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്താണ് 'അതിരന്‍'? തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു.

റൊമാന്റിക് ത്രില്ലര്‍ എന്ന് വിളിക്കാവുന്ന ചിത്രമാണ് 'അതിരന്‍' എന്ന് പറയുന്നു പി എഫ് മാത്യൂസ്. 'ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവുമൊക്കെ പശ്ചാത്തലമാക്കി വികസിക്കുന്ന കഥയാണ് സിനിമയുടേത്. ഊട്ടിയിലായിരുന്നു പ്രധാന ചിത്രീകരണം. ഫഹദിന്റെ കഥാപാത്രം ഒരു ഡോക്ടറാണ്.' എന്നാല്‍ ഏതെങ്കിലുമൊരു കഥാപാത്രത്തേക്കാള്‍ കഥയ്ക്ക് പ്രാധാന്യമുള്ള സിനിമയാണ് അതിരനെന്നും ഈ.മ.യൗവിന് ശേഷം എഴുത്ത് തുടങ്ങിയ സിനിമയാണ് ഇതെന്നും പറയുന്നു പി എഫ് മാത്യൂസ്. എഴുതുന്ന സമയത്ത് ഫഹദിനെ നായകനായി തീരുമാനിച്ചിരുന്നുവെന്നും. 

ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ കഥ സംവിധായകന്‍ വിവേകിന്റേത് തന്നെയാണ്. വാള്‍ട്ട് ഡിസ്‌നിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിവേകിന്റെ ആദ്യ സംവിധാന സംരംഭമാണ് അതിരന്‍. സായ് പല്ലവി, പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ലെന, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിക്കുവേണ്ടി എഴുതുന്ന തിരക്കഥയുടെ പണിപ്പുരയിലാണ് പി എഫ് മാത്യൂസ് ഇപ്പോള്‍.

click me!