സുരേഷ് ഗോപിയ്ക്കും അമലാ പോളിനും കുരുക്ക്;  വ്യാജ രജിസ്ട്രേഷന്‍ കേസില്‍ കുറ്റപത്രമൊരുങ്ങുന്നു

By Web DeskFirst Published Jun 17, 2018, 4:01 PM IST
Highlights
  • കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
  • ഫഹദ് ഫാസിലനെ ഒഴിവാക്കിയേക്കും

തിരുവനന്തപുരം:  പുതുച്ചേരി വാഹന നികുതി തട്ടിപ്പ കേസില്‍  സുരേഷ് ഗോപി എംപിയ്ക്കും  അമലാപോളിനുമെതിരെ കുറ്റപത്രം തയ്യാറാകുന്നു. വ്യാജ രജിഷ്ട്രേഷന്‍ നടത്തി നികുതി വെട്ടിച്ചു എന്ന കേസിലാണ് സുരേഷ് ഗോപിയ്ക്കും അമല പോളിനുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.

പുതുച്ചേരിയില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സുരേഷ് ഗോപിക്കും അമല പോളിനുമെതിരെ വ്യക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചു. എന്നാല്‍ തങ്ങളുടെ വാടക വീടിന്റെ വിലാസത്തിലാണ് കാറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സുരേഷ് ഗോപിയും അമലാ പോളും വ്യക്തമാക്കി. പക്ഷേ വാടക ചീട്ട് ഹാജരാക്കാന്‍  ഇവര്‍ക്ക് സാധിച്ചിരുന്നില്ല. 

വെട്ടിപ്പ് നടത്തിയെന്ന് വ്യക്തമായതോടെ നികുതിയടച്ച് സംസ്ഥാനത്തേക്ക് രജിസ്‌ട്രേഷന്‍ മാറ്റാന്‍ ഇവര്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ സുരേഷ് ഗോപിയും അമലാ പോളും ഇതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍  നടപടികള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കുറ്റപത്രം തയ്യാറാക്കുന്നത്.  

സുരേഷ്‌ഗോപി രാജ്യസഭാംഗം ആയതിനാല്‍ കുറ്റപത്രം നല്‍കുന്നതിന് മുമ്പ് നിയമോപദേശം തേടുമെന്നാണ് വിവരം.  നടന്‍ ഫഹദ് ഫാസിലിനെതിരെയും നികുതി വെട്ടിപ്പിന് കേസുണ്ടായിരുന്നു. എന്നാല്‍ നികുതി അടച്ച് രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റിയതിനാല്‍ ഫഹദ് ഫാസിലിനെതിരായ കേസ് ഒഴിവാക്കിയേക്കും. 

click me!