
പ്രദീപ് രംഗനാഥൻ - മമിത ബൈജു കൂട്ടുകെട്ടിൽ ദീപാവലി റിലീസായി എത്തിയ 'ഡ്യൂഡ്' തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. തലമുറ വ്യത്യാസമില്ലാതെ ഏവരേയും ഒരുപോലെ ആസ്വദിപ്പിച്ചിരിക്കുകയാണ് ചിത്രമെന്നാണ് റിപ്പോർട്ട്. സിനിമയുടെ ആഗോള കളക്ഷൻ 100 കോടി കടന്നിരിക്കുകയുമാണ്. 6 ദിനം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതോടെ നായകനായെത്തിയ മൂന്ന് സിനിമകളും 100 ക്ലബ്ബിൽ ഇടം നേടി ഹാട്രിക്കടിച്ചിരിക്കുകയാണ് പ്രദീപ് രംഗനാഥൻ.
ഒക്ടോബർ 17ന് തിയേറ്ററുകളിലെത്തിയ ഡ്യൂഡ് ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സിനിമയായിരിക്കുകയാണ്. ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷൻ 22 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററുകൾതോറും പ്രായഭേദമന്യേ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയൊരു ടോട്ടൽ പാക്കേജ് ആയി തിയേറ്ററുകളിലെത്തിയിരിക്കുകയാണ് 'ഡ്യൂഡ്'.
ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറൽ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തിൽ ഏവരുടേയും ഇഷ്ടം നേടിയിരിക്കുകയാണ്. മുൻ പ്രദീപ് രംഗനാഥൻ സിനിമകള്‍ പോലെ തന്നെ യുവത്വത്തിന് ആഘോഷിക്കാനുള്ളതെല്ലാം ചേർത്തുവെച്ചിട്ടുണ്ട് ഡ്യൂഡ് എന്ന സിനിമയിലും. അതോടൊപ്പം കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമൊക്കെ വേറിട്ടൊരു കാഴ്ചപ്പാടിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ കീർത്തീശ്വരൻ. പക്കാ ഫൺ ഫാമിലി എന്‍റർടെയ്നർ വൈബ് പടം എന്നാണ് സിനിമ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍.
നായകനായെത്തിയ ലവ് ടുഡേയും ഡ്രാഗണും പോലെ ഇത്തവണയും തകർപ്പൻ പ്രകടനമാണ് ഡ്യൂഡിലും പ്രദീപ് രംഗനാഥൻ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് തിയേറ്ററുകള്‍തോറുമുള്ള പ്രതികരണങ്ങള്‍. അതോടൊപ്പം തന്നെ മമിതയുടെ പ്രകടനവും ഏറെ മികവുറ്റതാണെന്നും ഏവരും ഒരേസ്വരത്തിൽ പറയുന്നു. പ്രദീപിന്‍റെ ഹാട്രിക് ഹിറ്റാണ് ഡ്യൂഡ് എന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്. റൊമാൻസും ഇമോഷണൽ സീനുകളും കോമഡിയുമൊക്കെ രണ്ടുപേരും മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്.
ശരത്കുമാർ അവതരിപ്പിച്ച കഥാപാത്രത്തിനും തിയേറ്ററുകളിൽ മികച്ച കയ്യടിയാണ് ലഭിക്കുന്നത്. കീർത്തീശ്വരൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തമിഴിന് മികവുറ്റൊരു ഫിലിം മേക്കറെ കൂടി സമ്മാനിച്ചിരിക്കുകയാണെന്നാണ് സിനിമയുടെ ആദ്യ ഷോ കഴിയുമ്പോള്‍ സോഷ്യൽ മീഡിയയിൽ ഉള്‍പ്പെടെ വന്നിരിക്കുന്ന അഭിപ്രായങ്ങള്‍. എന്താണ് ഫ്രണ്ട്ഷിപ്പ്, എന്താണ് ലവ്, എന്താണ് റിയൽ ലവ്, എന്താണ് റിലേഷൻഷിപ്പ് എന്നൊക്കെ കിടുവായി ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. അതോടൊപ്പം തന്നെ മതവും ജാതിയും കുടുംബമഹിമയും നിറവും പണവുമൊക്കെ നോക്കിയുള്ള വിവാഹ ബന്ധങ്ങളേയും ചിത്രം രൂക്ഷമായി വിമർശിക്കുന്നുമുണ്ട്. എല്ലാം കൊണ്ടും കുടുംബവുമൊന്നിച്ച് ഹാപ്പിയായിരുന്ന് കാണാനുള്ളതെല്ലാം ചിത്രത്തിലുണ്ടെന്നാണ് തിയേറ്റർ ടോക്ക്.
സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഭരത് വിക്രമനാണ് നിർവ്വഹിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ