മലയാള സിനിമ ഇന്ത്യൻ സിനിമയുടെ പുതിയ സിനിമാറ്റിക് കോമ്പസായി മാറുന്നതിനെക്കുറിച്ച് നടന്ന ദേശീയ സെമിനാര്‍
സിനിമയോട് അർപ്പണബോധമുള്ള ചെറുപ്പക്കാരുടെ വലിയ നിര ഉണ്ടാകുന്നതാണ് മലയാള സിനിമയുടെ വിജയമെന്ന് സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ. 'മലയാള സിനിമ: ഇന്ത്യയുടെ പുതിയ സിനിമാറ്റിക് കോമ്പസ്' എന്ന വിഷയത്തിൽ നടന്ന ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മലയാള സിനിമ എത്തി നിൽക്കുന്ന ഉയരങ്ങൾക്ക് കൃത്യമായ പാരമ്പര്യവും ചരിത്രവുമുണ്ട്. കൊവിഡിന് ശേഷം ഒടിടി പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ ലോകസിനിമയെ കൂടുതൽ അറിയുന്നതിനും പഠിക്കുന്നതിനും പുതിയ സാങ്കേതിക വിദ്യകളെ സ്വായത്തമാക്കുന്നതിനും ആളുകൾ തയ്യാറാകുന്നു. വാണിജ്യ സിനിമകളോടൊപ്പം കലാമൂല്യമുള്ള സിനിമകളും മലയാളത്തിൽ സൃഷ്ടിക്കപ്പെടുന്നു. മലയാളം സിനിമ എന്നും ഇന്ത്യൻ സിനിമയ്ക്ക് മാർഗദർശിയായി മുന്നിൽ ഉണ്ടാകുമെന്ന് ടി ഡി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ജെല്ലിക്കട്ട്, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ സിനിമകൾ ഉദാഹരിച്ച് സംവിധായകൻ സുധീർ മിശ്ര മലയാള സിനിമ കൈക്കൊണ്ട മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. കേവലം സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല മഞ്ഞുമ്മൽ ബോയ്സ് എന്നും സിനിമാറ്റിക് ടെക്നിക്കളുടെ ശരിയായ ഉപയോഗത്തിൽ നിർമ്മിക്കപ്പെട്ട അതുല്യ സിനിമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഭ്രമയുഗ'ത്തിലൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് സാധ്യതയെ ഹൊററിലേക്ക് സമന്വയിപ്പിക്കുന്ന പുതിയ ആഖ്യാന രീതി സ്വീകരിച്ചുകൊണ്ട് രാഹുൽ സദാശിവൻ വ്യത്യസ്തത നിലനിർത്തി. 'ജെല്ലിക്കട്ടി'ലൂടെ ലിജോ ജോസ് പെല്ലിശ്ശേരി അടയാളപ്പെടുത്തിയത് കേരളത്തിൻറെ ജീവിതം തന്നെയാണ്. ഇത്തരത്തിൽ കൃത്യമായ രാഷ്ട്രീയം പറയുന്ന, ആശയത്തിൽ ഊന്നിയ സിനിമകളാണ് മലയാള സിനിമയുടെ ഭാവി.
എങ്ങനെയാണ് കലാമൂല്യമുള്ള സിനിമകൾ നിർമ്മിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യേണ്ടതെന്ന് അഭിനേത്രിയും സംവിധായികയുമായ ആദിത്യ ബേബി സംസാരിച്ചു. യുവ സംവിധായകൻ നടേശ് ഹെഡ്ഗെ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവർ പങ്കെടുത്തു.



