Latest Videos

പ്രതാപ് പോത്തന്‍റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഉപേക്ഷിച്ചു

By Web DeskFirst Published Aug 1, 2016, 10:15 AM IST
Highlights

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം, എന്നാല്‍ ഈ പ്രോജക്ട് ഉപേക്ഷിക്കുകയാണെന്ന് പ്രതാപ് പോത്തന്‍ വ്യക്തമാക്കി. പ്രതാപ് പോത്തന്‍ 20 വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ സിനിമകള്‍ക്ക് ശേഷമുള്ള അഞ്ജലീ മേനോന്‍ തിരക്കഥ എഴുതുന്ന ചിത്രം എന്നതൊക്കെ ആയിരുന്നു ഈ പടത്തിന്‍റെ പ്രത്യേകതയായി പറഞ്ഞിരുന്നത്. 

തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ ഈ പ്രൊജക്ട് ഉപേക്ഷിക്കുന്നതായി പ്രതാപ് പോത്തന്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം സൗത്ത് ലൈവിനോട് പറഞ്ഞു.

സംവിധായകന്‍ എന്ന നിലയില്‍ പൂര്‍ണതൃപ്തി നല്‍കുന്ന തിരക്കഥയ്‌ക്കൊപ്പമാണ് ഇതുവരെ സംവിധാനം ചെയ്ത സിനിമകള്‍ ഒരുക്കിയത്. ഈ ചിത്രത്തിന് വേണ്ടിയുള്ള തിരക്കഥ ഇഷ്ടമായില്ല. സ്വയം സമ്മര്‍ദ്ദമുണ്ടാക്കി ഒരു മോശം സിനിമ ചെയ്യാന്‍ എനിക്ക് പറ്റില്ല. പണത്തിന് വേണ്ടി ഒരിക്കലും സിനിമ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. മലയാളത്തില്‍ വീണ്ടും സിനിമ സംവിധാനം ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഉള്‍ക്കൊള്ളാനാകാത്ത തിരക്കഥയില്‍ സിനിമ ചെയ്യാനില്ല. അങ്ങനെ ഒരു തിരക്കഥയില്‍ സിനിമ ചെയ്യാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതും അംഗീകരിക്കാവുന്നതല്ല. ഒരു സ്‌ക്രിപ്ട് തന്നിട്ട് ഇത് തന്നെ ചെയ്യണമെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഒരു വര്‍ഷമാണ് നഷ്ടമായത്. നാലോ അഞ്ചോ സിനിമകള്‍ ഇതിന് വേണ്ടി മാറ്റിവയ്‌ക്കേണ്ടി വന്നു. പണത്തിന് വേണ്ടിയല്ല ഫിലിംമേക്കിംഗിനോടുള്ള അഭിനിവേശം കൊണ്ടാണ് ഞാന്‍ ഓരോ സിനിമയും ചെയ്യാറുള്ളത് 

പ്രതാപ് പോത്തന്‍ പറയുന്നു

ലവ് ഇന്‍ അന്‍ജെംഗോ എന്ന പേരില്‍ പ്രതാപ് പോത്തന്‍-അഞ്ജലി മേനോന്‍-ദുല്‍ഖര്‍ സിനിമ വരുമെന്നാണ് കേട്ടിരുന്നത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ഈ ചിത്രം നിര്‍മ്മിക്കാനിരുന്നത്. പിന്നീട് സുപ്രിയ എന്ന സ്വന്തം ബാനറില്‍ പ്രതാപ് പോത്തന്‍ ഈ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 

തമിഴ് സംവിധായകനും ഛായാഗ്രാഹാകനുമായ രാജീവ് മേനോനെയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകനായി നിശ്ചയിച്ചിരുന്നത്. മാധവന്‍ ഈ ചിത്രത്തില്‍ അതിഥിതാരമായി എത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.ലക്ഷ്മി മേനോന്‍ ആയിരുന്നു നായിക. ദുല്‍ഖറും പ്രതാപ് പോത്തനും അഞ്ജലി മേനോനും നിര്‍മ്മാതാക്കളായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയും ചിത്രം ഒരുങ്ങുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

click me!