മലയാള സിനിമയിൽ ചിരിയുടെയും ചിന്തയുടെയും സവിശേഷ മുദ്ര പതിപ്പിച്ച ശ്രീനിവാസന്‍റെ ഓർമ്മ പുതുക്കുകയാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ വീണ്ടും കണ്ട് പ്രേക്ഷകർ

മലയാളി ജനസാമാന്യത്തോട് ഇത്രയും ചേര്‍ന്നുനിന്ന മറ്റൊരു നടനും ചലച്ചിത്രകാരനും ശ്രീനിവാസനെപ്പോലെ അധികം പേര്‍ ഉണ്ടാവില്ല. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ സിനിമകളിലെ ഹ്യൂമര്‍ മറ്റ് സിനിമകളില്‍ നിന്നും അത്രമാത്രം വേറിട്ടുനിന്നു. ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും റിപ്പീറ്റ് വാച്ചിന് എപ്പോഴും പ്രേരിപ്പിക്കുകയും ചെയ്യുന്ന സീനുകളും സിനിമകളും. ഒപ്പം കഥാപാത്രങ്ങളുടെ ഒരു രക്ഷയുമില്ലാത്ത കൗണ്ടറുകള്‍. ശ്രീനിവാസന്‍ വിട പറയുമ്പോള്‍ തങ്ങളെ രസിപ്പിച്ച, ചിരിപ്പിച്ച അത്രയധികം രംഗങ്ങളും സിനിമകളും മലയാളികളുടെ മനസുകളിലൂടെ കടന്നുപോയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ആ ചിത്രങ്ങളൊക്കെയും വീണ്ടും തെരഞ്ഞുപിടിച്ച് കാണുന്നവരും ഒട്ടേറെ.

ശ്രീനിവാസന്‍റെ തിരക്കഥയില്‍ എത്തി ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളൊക്കെ ഈ ദിനങ്ങളില്‍ ഒട്ടേറെപ്പേര്‍ കണ്ടു. ടെലിവിഷന്‍ ചാനലുകളില്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങളായിരുന്നു ശനിയാഴ്ച മുതല്‍ ഇങ്ങോട്ട് കൂടുതലും സംപ്രേഷണം ചെയ്യപ്പെട്ടത്. 30- 35 വര്‍ഷങ്ങള്‍ പഴക്കമുള്ള പല ചിത്രങ്ങളുടെയും മികച്ച പ്രിന്‍റുകള്‍ യുട്യൂബില്‍ ലഭ്യമാണ്. അവയ്ക്കും ഈ ദിനങ്ങളില്‍ പുതിയ കാഴ്ചക്കാര്‍ എത്തി. ശ്രീനിവാസന്‍റെ തിരക്കഥയില്‍ എത്തിയ ഏറ്റവും ജനപ്രിയ ചിത്രങ്ങളായ നാടോടിക്കാറ്റ്, വരവേല്‍പ്പ്, വടക്കുനോക്കിയന്ത്രം, പട്ടണപ്രവേശം, സന്ദേശം എന്നിവയൊക്കെ ഇത്തരത്തില്‍ ഈ ദിവസങ്ങളില്‍ യുട്യൂബില്‍ ഒട്ടനവധി പേര്‍ കണ്ടു. തങ്ങള്‍ക്ക് എത്രത്തോളം സ്നേഹബഹുമാനങ്ങള്‍ ഉള്ള ആളാണ് വിട പറഞ്ഞിരിക്കുന്നത് എന്നത് കമന്‍റ് ബോക്സിലും പ്രേക്ഷകര്‍ വെളിപ്പെടുത്തുന്നുണ്ട്.

ഒപ്പം വടക്കുനോക്കിയന്ത്രം, തലയണമന്ത്രം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങളും ഈ ദിവസങ്ങളില്‍ ആസ്വാദകര്‍ കാര്യമായി കേട്ടിട്ടുണ്ട്. സ്കൂള്‍ പഠനകാലത്തേ നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ശ്രീനിവാസന്‍ ഡിഗ്രി പഠനത്തിന് ശേഷം മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിനായി പോയി. രജനികാന്ത് അടക്കമുള്ളവര്‍ അവിടെ സഹപാഠികള്‍ ആയിരുന്നു. പി എ ബക്കറിന്‍റെ മണിമുഴക്കം എന്ന ചിത്രത്തിലൂടെ 1976 ലാണ് നടനായുള്ള അരങ്ങേറ്റം. പ്രിയദര്‍ശന്‍റെ നിര്‍ദേശപ്രകാരം ഓടരുതമ്മാവാ ആളറിയാം (1984) എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായുള്ള അരങ്ങേറ്റം. പിന്നീട് തിരക്കഥാകൃത്തായും നടനായും സംവിധായകനായും തിളങ്ങി. സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും (വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള) ജനപ്രീതിയും നിരൂപകശ്രദ്ധയും പുരസ്കാരങ്ങളും നേടി. 2018 ല്‍ പുറത്തിറങ്ങിയ പവിയേട്ടന്‍റെ മധുരച്ചൂരല്‍ ആണ് തിരക്കഥ ഒരുക്കിയ അവസാന ചിത്രം. ഈ വര്‍ഷം പുറത്തിറങ്ങിയ നാന്‍സി റാണിയാണ് അഭിനേതാവായി എത്തിയ അവസാന ചിത്രം.

Asianet News Live | Malayalam News Live | Live Breaking News l Kerala News | HD Live News Streaming