
മമ്മൂട്ടിയുടെ സമീപകാല കരിയറില്‍ അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്താന്‍ സാധ്യതയുള്ള രണ്ട് മറുഭാഷാ ചിത്രങ്ങളാണ് പുറത്തുവരാനിരിക്കുന്നത്. റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പേരന്‍പും മഹി വി രാഘവ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം യാത്രയും. പേരന്‍പിന്റെ ഇന്ത്യന്‍ പ്രീമിയര്‍ പ്രദര്‍ശനം ഗോവ ചലച്ചിത്ര മേളയില്‍ നടന്നത് വന്‍ ആസ്വാദകപ്രീതി നേടിയെങ്കില്‍ കഴിഞ്ഞദിവസം പുറത്തെത്തിയ യാത്രയുടെ ടീസറും അത്തരത്തില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന ചിത്രമാണ് യാത്ര. ആസ്വാദകര്‍ കണ്ടത് ടീസര്‍ മാത്രമാണെങ്കില്‍ ചിത്രത്തിലെ ചുരുക്കം ചില രംഗങ്ങള്‍ കണ്ടതിന്റെ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്.
യാത്രയിലെ ചില രംഗങ്ങള്‍ ഇപ്പോള്‍ കണ്ടുകഴിഞ്ഞതേയുള്ളൂ. തെലുങ്ക് ഭാഷയില്‍ മമ്മൂക്കയ്ക്കുള്ള സ്വാധീനവും കഥാപാത്രമായുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മാഭിനയവും അതിഗംഭീരം. കാഴ്ചയിലും നന്നായിട്ടുണ്ട്.
പൃഥ്വിരാജ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. തെലുങ്ക് ഭാഷയില്‍ തനിക്ക് വലിയ ഗ്രാഹ്യമില്ലെന്നും അനുഭവിക്കാനായത് പറയുകയാണ് ചെയ്തതെന്നും പൃഥ്വി ഒപ്പം ചേര്‍ക്കുന്നു.
ടോളിവുഡില്‍ ഇതിനകം വലിയ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട് യാത്ര. ടീസറിന് പുറമെ പോസ്റ്ററുകള്‍ക്കും വീഡിയോ ഗാനത്തിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സംവിധായകന്‍ മഹി വി രാഘവിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്. ഫെബ്രുവരി എട്ടിന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.
അതേസമയം അഭിനയജീവിതത്തിന് ഇടവേള നല്‍കി, താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ്. ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് പൃഥ്വി ഈ മാസം 10ന് അറിയിച്ചിരുന്നു. അടുത്തവര്‍ഷത്തെ മലയാളം പ്രോജക്ടുകളില്‍ ഏറെ പ്രേക്ഷകപ്രതീക്ഷയുള്ള ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയുടേതാണ് തിരക്കഥ. ചിത്രത്തിന്റെ പുറത്തെത്തിയ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.