
മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ചിത്രം അതിലും വലിയ കാന്‍വാസിലാണ് പൃഥ്വിരാജ് ഒരുക്കിയത്. നിലവില്‍ മലയാളത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രവും എമ്പുരാന്‍ ആണ്. ഇപ്പോഴിതാ മറ്റൊരു ചിത്രം സംവിധാനം ചെയ്തതിന് ശേഷമേ ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ അസ്രായേലിലേക്ക് കടക്കൂ എന്ന് പറയുകയാണ് പൃഥ്വിരാജ്. താന്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന ഹിന്ദി ചിത്രം സര്‍സമീനിന്‍റെ പ്രചരണാര്‍ഥം നയന്‍ദീപ് രക്ഷിത് എന്ന യുട്യൂബര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറയുന്നത്. എമ്പുരാന്‍റെ നിര്‍മ്മാണവേളയില്‍ നേരിട്ട ഒരു വലിയ പ്രതിസന്ധിയെക്കുറിച്ചും പൃഥ്വിരാജ് ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്.
“ലൂസിഫര്‍ മൂന്നാം ഭാഗത്തിന് മുന്‍പ് മറ്റൊരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട് എനിക്ക്. അങ്ങനെയാണ് ഞാന്‍ സാധാരണ ചെയ്യാറ്. ഒരേ ഫ്രാഞ്ചൈസി ചിത്രങ്ങള്‍ തുടരെ ചെയ്യണമെന്നില്ല എനിക്ക്. അടുത്ത ചിത്രത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്”, പൃഥ്വിരാജ് പറയുന്നു.
റിക്ക് യൂണ്‍ ആണ് എമ്പുരാനില്‍ പ്രാധാന്യമുള്ള ഒരു റോളില്‍ എത്തിയത്. റിക്ക് യൂനിനെ ചിത്രത്തിലേക്ക് കൊണ്ടുവരിക എത്രത്തോളം ബുദ്ധിമുട്ടായിരുന്നു എന്ന ചോദ്യത്തിന് കാസ്റ്റിംഗ് സമയത്ത് നേരിട്ട ഒരു വലിയ വെല്ലുവിളിയെക്കുറിച്ചാണ് പൃഥ്വിരാജ് പറയുന്നത്. റിക്ക് യൂണ്‍ അടക്കമുള്ളവരിലേക്ക് എത്താനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്നും. “നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി, എമ്പുരാന്‍റെ കാസ്റ്റിംഗ് നടത്തുന്ന സമയത്താണ് സാഗ് സമരം (ഹോളിവുഡ് സ്റ്റുഡിയോകള്‍ക്കെതിരെ സ്ക്രീന്‍ ആക്റ്റേഴ്സ് ഗില്‍ഡ് (സാഗ്) ആരംഭിച്ച സമരം) ആരംഭിക്കുന്നത്. ഞങ്ങള്‍ക്ക് സിനിമയില്‍ സഹകരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന ഒരുപാട് അഭിനേതാക്കള്‍ സാഗുമായി കരാര്‍ ഒപ്പിട്ടിരുന്നവരാണ്. അവരുടെ ഓഫീസുകളെല്ലാം അടച്ചിരുന്നു ആ സമയത്ത്. കരാറുകള്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. പലരും തത്വത്തില്‍ എമ്പുരാനില്‍ സഹകരിക്കാന്‍ സമ്മതിച്ചിരുന്നു. പക്ഷേ ആ സമയത്ത് അവരുടെ പ്രതിനിധികളൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ സംസാരിക്കാനും സാധിച്ചില്ല. അതിനാല്‍ സാഗുമായി കരാറില്‍ ഏര്‍പ്പെടാത്ത അഭിനേതാക്കളിലേക്ക് ഞങ്ങള്‍ക്ക് തിരിയേണ്ടിവന്നു. ഭാഗ്യത്തിന് ജെറോം ഫ്ലിന്‍ സാഗുമായി കരാര്‍ ഇല്ലാത്ത നടനായിരുന്നു. റിക്ക് യൂനും അതുപോലെതന്നെ”, പൃഥ്വിരാജ് പറയുന്നു. കഥ പുരോഗമിക്കുമ്പോള്‍ കൂടുതല്‍ പ്രതിനായകന്മാര്‍ ഉണ്ടാവുമെന്നും അസ്രായേല്‍ കാസ്റ്റിംഗിനെക്കുറിച്ച് അദ്ദേഹം സൂചന തരുന്നു.
എല്‍ 3 ല്‍ മമ്മൂട്ടി ഉണ്ടാവുമോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നാണ് പൃഥ്വിയുടെ മറുപടി. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ പ്രണവിന്‍റെ സാന്നിധ്യത്തെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ- “ഖുറേഷിയുടെ ചെറുപ്പകാലം കാണിക്കേണ്ട ഒരു ചെറിയ എപ്പിസോഡ് മൂന്നാം ഭാഗത്തില്‍ ഉണ്ടാവും. അത് എഐയിലൂടെയോ മറ്റോ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. പരമാവധി ജൈവികമായി ചെയ്യാനാണ് താല്‍പര്യം. ഭാഗ്യത്തിന് പ്രണവിനെ, വിശേഷിച്ചും ആ ഗെറ്റപ്പില്‍ കാണാന്‍ ഇരുപതുകളിലെ ലാല്‍ സാറിനെപ്പോലെയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളൊക്കെ കണ്ടുകഴിഞ്ഞാല്‍ അത് മനസിലാവും. എമ്പുരാന്‍ ചെയ്തപ്പോള്‍ പ്രണവിന് കൊടുത്ത ലുക്കിന്‍റെ റെഫറന്‍സ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ലാല്‍ സാറിന്‍റെ ഫോട്ടോകള്‍ ആയിരുന്നു”, പൃഥ്വിരാജ് പറഞ്ഞവസാനിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ