നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവല്‍' ആഗോള ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടി.

പുതിയ സംവിധായകര്‍ക്കൊപ്പം സഹകരിക്കുക എന്ന പതിവ് മമ്മൂട്ടി തുടര്‍ന്ന വര്‍ഷമാണ് 2025. മൂന്ന് സിനിമകളാണ് അദ്ദേഹത്തിന്‍റേതായി ഈ വര്‍ഷം എത്തിയത്. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്, ബസൂക്ക, കളങ്കാവല്‍ എന്നിവ. ബസൂക്കയും കളങ്കാവലും പുതുമുഖ സംവിധായകരാണ് ഒരുക്കിയതെങ്കില്‍ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍റെ മലയാളത്തിലെ സംവിധാന അരങ്ങേറ്റവും ആയിരുന്നു. ഇതില്‍ ആദ്യ രണ്ട് ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ കളങ്കാവല്‍ ആ ക്ഷീണം തീര്‍ത്തുകൊടുത്തു. ഈ മാസം 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്ക് നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

റിലീസിന്‍റെ 24-ാം ദിവസമാണ് ഏറ്റവും ലേറ്റസ്റ്റ് കളക്ഷന്‍ ഫിഗേഴ്സ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം 83 കോടി രൂപ നേടിയിട്ടുണ്ടെന്നാണ് അറിയിപ്പ്. 2025 ലെ ക്ലാസിക് ബ്ലോക്ക്ബസ്റ്റര്‍ എന്നാണ് ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ കളങ്കാവലിനെ നിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് കളങ്കാവല്‍. മറ്റൊരു നവാഗത സംവിധായകനൊപ്പം മമ്മൂട്ടി എത്തുന്ന ചിത്രം, മമ്മൂട്ടി പ്രതിനായകനും വിനായകന്‍ നായകനും എന്നിങ്ങനെയുള്ള പല കാരണങ്ങളാല്‍ വലിയ പ്രീ റിലീസ് പ്രേക്ഷകശ്രദ്ധ നേടിയിരുന്ന ചിത്രമാണിത്. റിലീസ് ദിനത്തില്‍ ആദ്യ ഷോകള്‍ക്കിപ്പുറം വന്‍ പോസിറ്റീവ് അഭിപ്രായം നേടിയതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങി.

ജിതിന്‍ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മുജീബ് മജീദിന്‍റെ സംഗീതമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. ഫൈസല്‍ അലിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. മമ്മൂട്ടി ഒരു സീരിയല്‍ കില്ലറായി എത്തിയിരിക്കുന്ന ചിത്രത്തില്‍ വിനായകന്‍ ഒരു സ്പെഷല്‍ ബ്രാഞ്ച് പൊലീസുകാരനാണ്. ഇരുവരും തമ്മിലുള്ള, പ്രകടനത്തിലെ കൊടുക്കല്‍വാങ്ങലുകളായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. പ്രേക്ഷകര്‍ ഇത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming