പ്രിയങ്ക-നിക്ക് വിവാഹത്തിന് വേദിയാകാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി

By Web TeamFirst Published Dec 1, 2018, 2:37 PM IST
Highlights

താരസുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം ഡിസംബര്‍ രണ്ടിന് ജോധ്പൂരിലെ ഉമൈദ് ഭവനിൽ വച്ച് നടക്കും. പരമ്പരാഗത ഇന്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടക്കുക. 

മുംബൈ: താരജോഡികളയ ദീപിക-രണ്‍വീര്‍ വിവാഹത്തിന് പിന്നാലെ മറ്റൊരു വിവാഹാഘോഷ തിരക്കിലാണ് ബോളിബുഡ്. താരസുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം ഡിസംബര്‍ രണ്ടിന് ജോധ്പൂരിലെ ഉമൈദ് ഭവനിൽ വച്ച് നടക്കും. പരമ്പരാഗത ഇന്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടക്കുക. 

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളിൽ ഒന്നാണ് രാജസ്ഥാനിലെ ഉമൈദ് ഭവൻ പാലസ്. ജോധ്പൂർ രാജകുടുബത്തിന്റെ ഔദ്യോഗിക വസതിയാണ് ഉമൈദ് ഭവൻ. കൊട്ടാരത്തിന്റെ ഒരു ഭാഗം താജ് ഹോട്ടൽ ഗ്രൂപ്പാണ് കൈകാര്യം ചെയ്യുന്നത്. മറ്റൊരു ഭാഗം മ്യൂസിയമായി പ്രവർത്തിക്കുന്നുണ്ട്. നിലവിലെ ഉടമസ്ഥനായ ഗജ് സിംഗിന്റെ മുത്തച്ഛനായ മഹാരാജ ഉമൈദ് സിംഗിൻറെ പേരാണ് കൊട്ടാരത്തിന്  നൽകിയിരിക്കുന്നത്. 

ആകെ 347 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഇതിൽ അത്യാഡംബര സ്യൂട്ടുകൾ ഉൾപ്പടെ 64 മുറികൾ ഉമൈദ് ഭവൻ പാലസിന്റേതാണ്. ഗ്രാന്റ് പ്രസിഡൻഷ്യൽ സ്യൂട്ടിലെ ഒരുരാത്രിക്ക് അഞ്ച് ലക്ഷം രൂപയാണ് വാടക.  26 ഏക്കറിൽ മയിലുകളാൽ നിറഞ്ഞ ഉദ്യാനമാണ് കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകത. പരമ്പരാഗത രാജസ്ഥാൻ വിഭവമാണ് അതിഥികൾക്കായി ഹോട്ടലിൽ ഒരുക്കുന്നത്.  വധൂവരൻമാരുടെ കുടുംബത്തിന്റെ ആചാരമനുസരിച്ച് ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരിക്കും ചടങ്ങുകൾ നടക്കുക. അടുത്ത സുഹൃത്തുക്കളും ബന്ധുക്കള്‍ക്കും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്ഷണമുള്ളത്.  

പ്രിയങ്ക-നിക്ക് വിവാഹ ചടങ്ങിന് മുന്നോടിയായി പ്രിയങ്കയുടെ മുംബൈയിലെ ജുഹു വസതിയിൽ വച്ച് പൂജ നടന്നിരുന്നു. നവംബർ 30ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഉമൈദ് ഭവൻ പാലസിൽ സംഗീതനിശ ഒരുക്കിയിരുന്നു. പരിപാടിയിൽ നിക്കിന്റെ സഹോദരൻ കെവിൻ ജൊനാസും പ്രിയങ്കയുടെ കുടുംബവും ചുവടുവയ്ക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. പരിപാടിയിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടേയും കുടുംബത്തിന്റെയും സാന്നിധ്യം ശ്രദ്ധേയമായി. ഡ‍ിസംബർ ഒന്നിന് ഹാൽദി ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
 

click me!