
പുതിയ സിനിമയുടെ പൂജാവിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ചുകൊണ്ടുള്ള സംവിധായകന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആദ്യസിനിമയുടെ നിര്‍മ്മാതാവിന്‍റെ കണ്ണീര്‍ വിലാപം. സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ആദ്യസിനിമയുടെ നിര്‍മ്മാതാവെന്ന് അവകാശപ്പെടുന്ന ആളിന്‍റെ കണ്ണീര്‍ കമന്‍റ്.
തിങ്കള്‍ മുതല്‍ വെള്ളി വരെ, അച്ചായന്‍സ്, ആടുപുലിയാട്ടം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത കണ്ണന്‍ താമരക്കുളത്തിന്‍റെ പുതിയ ചിത്രമാണ് ചാണക്യതന്ത്രം. ഈ സിനിമയുടെ പൂജാ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. സംവിധായകരായ സിദ്ദിഖ്, പദ്മകുമാര്‍, നടന്‍ അനൂപ് മേനോന്‍, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, എ.എ ആരിഫ് എം.എല്‍.എ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത പൂജാ ചടങ്ങിന്റെ ചിത്രങ്ങള്‍ കണ്ണന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിനു കീഴിലാണ് ത്രിലോക് ശ്രീധരന്‍ പിള്ള എന്ന നിര്‍മ്മാതാവിന്‍റെ കമന്‍റ്.
മലയാളത്തിലേക്ക് എത്തുന്നതിന് മുമ്പ് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത സൂരൈയഡയല്‍ എന്ന തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ത്രിലോക് ശ്രീധരന്‍ പിള്ള. സൂരൈയഡയല്‍ വന്‍ പരാജയമായിരുന്നുവെന്നും താന്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമാണ് നിര്‍മ്മാതാവ് പറയുന്നത്. മോശം മേക്കിംഗ് വഴി സിനിമ നഷ്ടത്തിലാകുകയും തനിക്ക് കോടികള്‍ നഷ്ടപ്പെടുകയും ചെയ്തതായി നിര്‍മ്മാതാവ് ആരോപിക്കുന്നു. എന്നാല്‍ സിനിമ കഴിഞ്ഞ ശേഷം കണ്ണന്‍ തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ഏതെങ്കിലും ചാനലിന് സിനിമയുടെ റൈറ്റ്‌സ് വിറ്റ് സാമ്പത്തികം നേടിത്തരാമെന്ന വാക്കും പാലിച്ചിട്ടില്ലെന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ക്കുന്നു.
തന്റെ അവസ്ഥ പരിതാപകരമാണെന്നും തന്നെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും കേണപേക്ഷിക്കുന്നു ഇദ്ദേഹം സാധ്യമായ സഹായം ചെയ്തില്ലെങ്കില്‍ തന്റെ അവസ്ഥ മാധ്യമങ്ങളേയും അധികൃതരെയും അറിയിക്കുമെന്ന് പറഞ്ഞാണ് കമന്‍റ് അവസാനിപ്പിക്കുന്നത്.
ശ്രീ ബാലാജി, ലീമ ബാബു തുടങ്ങിയവര്‍ വേഷമിട്ട സൂരൈയഡയല്‍ 2014ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്‍റെ ട്രെയിലറില്‍ താമര കണ്ണന്‍ എന്നാണ് സംവിധായകന്‍റെ പേര്. പുതിയ ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റില്‍ നിരവധിയാളുകള്‍ ആശംസകള്‍ അറിയിച്ച് കമന്‍റ് ചെയ്തപ്പോഴാണ് നിര്‍മ്മാതാവിന്‍റെ ഈ കമന്‍റ് വേറിട്ടു നില്‍ക്കുന്നതെന്നാണ് ശ്രദ്ധേയം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ