രാജ് കപൂറിന്‍റെ സ്വപ്നം വില്‍ക്കാനൊരുങ്ങി കപൂര്‍ കുടുംബം

By Web TeamFirst Published Aug 27, 2018, 11:52 AM IST
Highlights

'' ഏറെ വൈകാരിക ബന്ധമുള്ള ഞങ്ങൾ ഹൃദയം കല്ലാക്കിയാണ് ഈ  തീരുമാനം കൈക്കൊണ്ടത്.‍‍ ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ വളരെ നല്ല രീതിയിലുള്ള ബന്ധമാണ് ഉള്ളത്. എന്നാൽ ഞങ്ങളുടെ മക്കളും... ''

മുംബൈ: ഹിന്ദി സിനിമകളുടെ മുഖച്ഛായ മാറ്റിയെഴുതിയ പ്രശസ്തമായ ആര്‍ കെ സ്റ്റുഡിയോ കൈവിടാനൊരുങ്ങി കപൂര്‍ കുടുംബം. രാജ് കപൂറിന്റെ മകനും നടനുമായ ഋഷി കപൂര്‍ മുംബൈ മിററിന് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇനി സ്റ്റുഡിയോ പുതുക്കി പണിയേണ്ടതില്ലെന്ന് കപൂര്‍ കുടുംബം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

'' സ്റ്റുഡിയോയുമായി ഏറെ വൈകാരിക ബന്ധമുള്ള ഞങ്ങൾ ഹൃദയം കല്ലാക്കിയാണ് ഈ  തീരുമാനം കൈക്കൊണ്ടത്.‍‍ ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ വളരെ നല്ല രീതിയിലുള്ള ബന്ധമാണ് ഉള്ളത്. എന്നാൽ ഞങ്ങളുടെ മക്കളും വരും തലമുറകളിലുള്ളവരും തമ്മിൽ ചിലപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. മറ്റേതൊരു സ്ഥാപനത്തെയും പോലെ കോടതി നടപടികളിലേക്കാകും ഒടുവിൽ കര്യങ്ങൾ ചെന്നെത്തുന്നത്. തന്റെ സ്വപ്നം കോടതിയിൽ കെട്ടിക്കിടക്കുന്നത് കാണാൻ അച്ഛൻ ആഗ്രഹിക്കുന്നില്ല '' -ഋഷി കപൂര്‍ അഭിമുഖത്തില്‍ പറഞ്ഞു.

1948ല്‍ മുംബൈ ചെമ്പൂരിലെ രണ്ടേക്കർ  ഭൂമിയിൽ രാജ് കപൂർ നിർമിച്ചതാണ് നിരവധി സിനിമകൾക്കും പരസ്യ, ചാനൽ പരമ്പരകൾക്കും വേദിയായ ആർ.കെ സ്റ്റുഡിയോ. കഴിഞ്ഞവർഷം ഡാൻസ് റിയാലിറ്റി ഷോക്കിടെ ഉണ്ടായ തീപിടിത്തത്തിൽ അക്കാലത്തെ സൂപ്പർ താരങ്ങളായ നർഗിസ്, വൈജയന്തിമാല എന്നിവർ മുതൽ ഐശ്വര്യ റായി വരെ വിവിധ സിനിമകള്‍ക്കായി ധരിച്ച കോസ്റ്റ്യൂംസ് അഗ്നിക്കിരയായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

തീപിടിത്തത്തിൽ സ്റ്റുഡിയോയിലെ പ്രധാനവേദിയും പഴയകാല സിനിമകളുടെ ഓര്‍മ്മകള്‍ക്കായി കരുതിവെച്ച വസ്തുവകകളും കത്തി നശിച്ചിരുന്നു. ബോളിവുഡിലെ ഇതിഹാസങ്ങളായ ആവാര, ശ്രീ 420, മേരാ നാം ജോക്കർ, ബോബി തുടങ്ങിയ സിനിമകളെല്ലാം ചിത്രീകരിച്ചത് ഈ സ്റ്റുഡിയോയിലായിരുന്നു.

click me!