രാഹുലിന്റെ പുകയിലയ്ക്കെതിരായ 'വന്‍മതില്‍' തിയറ്ററുകളില്‍ നിന്ന് ഔട്ടാകുന്നു

By Web TeamFirst Published Nov 28, 2018, 10:00 AM IST
Highlights

രാഹുല്‍ ദ്രാവിഡിന്റെ സംഭാഷണത്തോടെയുള്ള പരസ്യങ്ങള്‍ക്ക് പകരം പുതിയ പരസ്യങ്ങളാവും ഡിസംബര്‍ ഒന്നുമുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. 

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രാഹുൽ ദ്രാവിഡിന്റെ ബോധവല്‍ക്കരണത്തോടെയുള്ള പുകയിലയ്ക്കെതിരെയുള്ള വന്‍മതില്‍ പരസ്യം തിയറ്ററുകളില്‍ നിന്ന് ഔട്ടാകുന്നു. രാഹുല്‍ ദ്രാവിഡിന്റെ സംഭാഷണത്തോടെയുള്ള പരസ്യങ്ങള്‍ക്ക് പകരം പുതിയ പരസ്യങ്ങളാവും ഡിസംബര്‍ ഒന്നുമുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. 

'പുകയില നിങ്ങൾക്കുണ്ടാക്കുന്ന ദൂഷ്യങ്ങൾ', 'സുനിത' എന്നീ പരസ്യങ്ങളാവും രാഹുല്‍ ദ്രാവിഡിന്റെ വന്‍മതില്‍ പരസ്യത്തിന് പകരം തിയറ്ററുകളില്‍ എത്തുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് തീരുമാനം. ശ്വാസകോശം ഒരു സ്പോഞ്ച് പോലയാണ് എന്ന ഹിറ്റ് പരസ്യം മാറ്റിയാണു ആരോഗ്യ മന്ത്രാലയം ദ്രാവിഡിന്റെ പുതിയ പരസ്യം കൊണ്ടുവന്നത്. ഈ നഗരത്തിനിതെന്തുപറ്റി, ചിലയിടത്തു പുക, ചിലയിടത്തു ചാരം എന്ന പരസ്യവും ഹിറ്റായിരുന്നു. സമൂഹമാധ്യമങ്ങളിലെ ട്രോളന്മാര്‍ക്ക് വിവിധ വിഷയങ്ങളില്‍ ആഘോഷിക്കാന്‍ ഈ പരസ്യങ്ങള്‍ മാധ്യമമായിരുന്നു. 

നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്. സ്‌ലിപ്പിൽ നിൽക്കുമ്പോൾ ക്യാച്ച് മിസാവില്ലെന്ന് ഉറപ്പു വരുത്തേണ്ടത് എന്റെ കടമയാണ്. അല്ലെങ്കിൽ എന്റെ ടീമിനു മുഴുവൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നേക്കാം. പുകയിലയുടെ ഏതു തരത്തിലുള്ള ഉപയോഗവും മാരകമാണ്. ഞാൻ പുകയില ഉപയോഗിക്കുന്നില്ല. അതിനാൽ നിങ്ങളും പുകവലിക്കുകയോ പുകയില ഉപയോഗിക്കുകയോ ചെയ്ത് ജീവിതം പാഴാക്കരുതെന്ന രാഹുല്‍ ദ്രാവിഡിന്റെ സംഭാഷണത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 

2012ലെ പുകയില പ്രചാരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണു പുകയില ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന സിനിമകളിലും ടിവി പ്രോഗ്രാമുകളിലും പരിപാടിയുടെ ആരംഭത്തിലും മധ്യത്തിലും ചുരുങ്ങിയത് 30 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം പ്രദർശിപ്പിക്കണമെന്നു നിയമം വന്നത്.
 

click me!