മഴ നനഞ്ഞ സിനിമകള്‍!

By Web DeskFirst Published Jun 15, 2017, 5:10 PM IST
Highlights

മഴയോളം സിനിമയില്‍ അഭിനയിച്ചവര്‍ കുറവായിരിക്കും. പ്രണയമായാലും വിരഹമായാലും അവ പറയാന്‍  വെള്ളിത്തിരയില്‍  മഴ പെയ്യുമ്പോള്‍  ഉണ്ടാകുന്ന  ചാരുത ഒന്നുവേറെ തന്നെയാണ്. ദൃശ്യഭാഷയില്‍ മഴ ബിംബമായും കഥാപാത്രമായും വരുമ്പോള്‍ വികാരങ്ങള്‍ പ്രേക്ഷകമനസ്സില്‍ പേമാരിയായി പെയ്യും.

മഴക്കാലത്ത് അത്തരം ചില സിനിമകള്‍ ഓര്‍ക്കാം.

മലയാള സിനിമയില്‍ മഴ പെയ്യിച്ച സംവിധായകരില്‍ പ്രധാനിയാണ്‌ പത്മരാജന്‍. പത്മരാജന്റെ തൂവാനത്തുമ്പികളിലെ നായകന്‍ മഴയല്ലാതെ വേറെയാരാണ്.

    "കായലിനുമേല്‍ മഴ കോരിപ്പെയ്ത രാത്രിയില്‍ ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകളിലെത്തിയ മിന്നലിന്റെ വെട്ടത്തില്‍ പരസ്പരം നഗ്നത കാണാന്‍ ഔത്സുക്യം കാണിച്ച ആ രാത്രിയില്‍ തൂവാനത്തുമ്പുമേറ്റി വന്നു , ഞങ്ങള്‍ ആ പഴയ കഥ പറഞ്ഞു; ജയകൃഷ്ണനുമൊത്ത് കൂനൂരില്‍ പോയ കഥ. ജയകൃഷ്ണന്‍ എന്ന ഭ്രാന്തന്‍ ചെറുപ്പക്കാരന്റെ ചെയ്തികളുടെ കഥ, ജയകൃഷ്ണന്റെ കഥ ...."

തൂവാനത്തുമ്പികള്‍ പറന്നിറങ്ങിയ ഉദകപ്പോള എന്ന നോവലില്‍ പത്മരാജന്‍ ഇങ്ങനെ എഴുതിയപ്പോള്‍ മഴ പെയ്ത് തോര്‍ന്നിരുന്നില്ല. സമാഗമത്തിനും വിരഹത്തിനും ഇടയില്‍ സിനിമയില്‍  മഴ പെയ്ത് കൊണ്ടിരുന്നു.

ഷാജി എന്‍ കരുണിന്റെ പിറവി എന്ന ചിത്രത്തിലും മഴ ഒരു കഥാപാത്രമാണ്. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന കഥയെ ആസ്പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര് തന്നെ മഴ എന്നാണ്. കമല്‍ കുറച്ചുകൂടി കടന്നു പെരുമഴക്കാലം എന്ന ചിത്രവുമൊരുക്കി. ഇതില്‍ ദു:ഖമായും സന്തോഷമായും മഴ പെയ്യുന്നു.

സത്യജിത്ത് റേയുടെ പഥേര്‍ പഞ്ചലിയില്‍ മഴ ഒരു അനുഭവമാണ് . ബംഗാളിലെ നിശ്ചിന്തപുരം എന്നാ ഗ്രാമത്തിലെ വരള്‍ച്ചയെ മറികടന്നു ദുര്‍ഗ്ഗയ്ക്കും അപ്പുവിനും മഴ കൂട്ടിനെത്തുമ്പോള്‍ അതു ദുരന്തത്തിന്റെ തുടക്കം കൂടിയാകുന്നു. ചാറ്റല്‍ മഴ കുളത്തില്‍ വീഴുന്നതും കഷണ്ടിത്തലയിലെ മഴത്തുള്ളി തുടച്ചു മാറ്റുന്ന വൃദ്ധനെയും ദൃശ്യവത്ക്കരിച്ചു പുതുമഴയെത്തുന്നത് അനുഭവപ്പെടുത്തുന്നു. ദുര്‍ഗ്ഗയ്ക്ക് പനി പിടിക്കുന്നതും ഒരു മഴക്കാലത്താണ് . ദുര്‍ഗ്ഗയുടെ ജീവന്‍ കെടുത്തുകയാണ് ഇവിടെ  മഴ .

വിഖ്യാതചലച്ചിത്രകാരന്‍ കുറസോവയുടെ റാഷമോണില്‍  മഴ മറച്ചുവയ്ക്കലിന്റെ പെയ്ത്താണ്. വേനല്‍ എല്ലാം തുറന്നു കാണിക്കുമ്പോള്‍ മഴ എല്ലാം മറച്ചുവയ്ക്കുന്നു. രഹസ്യങ്ങളുടെ ഭാരവുമായി ചിത്രത്തില്‍ മഴ പെയ്യുന്നു.

തര്‍ക്കോവസ്ക്കിയുടെ മിറര്‍ എന്ന ചിത്രത്തിലും മഴ നിറഞ്ഞനില്‍ക്കുന്നു. മഴ വെള്ളം കെട്ടിക്കിടക്കുന്ന മുറിയില്‍ മരണം കാത്തുകിടക്കുന്നു ഒരാള്‍. മഴയുടെ പിറുപിറുക്കലും ദൃശ്യത്തോടൊപ്പം അലിഞ്ഞുചേരുന്നു.നൊസ്റ്റാള്‍ജിയ എന്ന ചിത്രത്തിലും മഴ നിറയുന്നത് ഉള്ളിലാണ്. കത്രീഡലില്‍ മഴ പെയ്യുന്നു.  മഴയെ കരയിക്കുകയാണ് തര്‍ക്കോവസ്ക്കി.

ബോളിവുഡിലെ മഴയെ തിരഞ്ഞാല്‍ ആദ്യം പെയ്യുക ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന ചിത്രത്തിലെ പ്രണയമഴയായിരിക്കും. മഴയത്ത് ഒരു കുടക്കീഴില്‍ ചേര്‍ന്നു നിന്നു സ്വയം മറന്നു പാടുന്ന രാജ് കുമാറും നര്‍ഗീസും ഇപ്പോഴും പലരുടെയും മനസ്സില്‍ നിര്‍ത്താതെ നൃത്തം ചവിട്ടുന്നുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍  ചിത്രീകരിക്കപ്പെട്ട സിനിമയാണ് ആവാര. ശൈലേന്ദ്ര - ശങ്കര്‍ ജയ്‌കിഷന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കൂട്ടിനെത്തുന്നതും മഴ തന്നെ.

സ്ഫടികം കൊണ്ടു നിര്‍മ്മിച്ച വീടിന്റെ മേല്‍ഭിത്തിയിലൂടെ ഒലിച്ചിറങ്ങുന്നു മഴത്തുള്ളികള്‍. അമൃതാസിംഹും സണ്ണി ഡിയോളും നൃത്തച്ചുവടുകള്‍ വയ്ക്കുമ്പോള്‍ ഈ മഴത്തുള്ളികളും  താളംപിടിക്കുന്നത് പോലെ തോന്നും ബേട്ടാബ് എന്ന ചിത്രത്തില്‍.

1942 എ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ റിംജിം ..റിംജിം എന്ന മഴഗാനം മറക്കാനാകുമോ. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഭാരതത്തിലെ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് മഴ ചില കാഴ്ചകള്‍ പകരുകയാണ്  രംഗം.

രാജസ്ഥാനിലെ വരണ്ടഭൂമിയില്‍ ആഹ്ലാദമായി മഴ പെയ്യുമ്പോള്‍ നനയുന്നത് നമ്മുടെ മനസുമല്ലേ. ഡിംമ്പിള്‍ കപാഡിയുടെ ഭാവാഭിനയം മഴയുടെ സൌന്ദര്യവും വികാരവും പകര്‍ത്തുന്നു.

ഓസ്ക്കാര്‍ നോമിനേഷന്‍ ലഭിച്ച ലഗാനിലെ ഘനം ഘനം എന്ന ഗാനരംഗത്തില്‍ മഴ പെയ്യുമ്പോള്‍ അതു മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടിയാകുന്നു. മഴമേഘങ്ങളെ കണ്ട മയിലിനെപ്പോലെ ആടാന്‍ കൊതിക്കുന്ന ഗ്രാമീണജനതയുടെ നിഷ്കളങ്കതയും ചിത്രത്തിലെ മഴയില്‍ പെയ്യുന്നു.

ഇങ്ങനെ എത്രയെത്ര മഴരംഗങ്ങളും മഴപ്പാട്ടുകളും സിനിമയില്‍ ഓര്‍ത്തെടുക്കാനുണ്ട്. എല്ലാ ഭാഷകളിലും . മഴ തോരുന്നേയില്ല സിനിമയില്‍ .. താരത്തിളക്കം കുറയാത്ത  സൂപ്പര്‍സ്റ്റാറിനെ പോലെ ഓരോ സിനിമയിലും വെവ്വേറെ ഭാവങ്ങളില്‍ മഴ പെയ്‍തു കൊണ്ടേയിരിക്കുന്നു.

 

click me!