രാമലീല; നെഗറ്റീവ് പ്രചരണത്തിന് ഗുണമുണ്ടാകുമോ?

Published : Sep 28, 2017, 07:51 AM ISTUpdated : Oct 04, 2018, 06:07 PM IST
രാമലീല; നെഗറ്റീവ് പ്രചരണത്തിന് ഗുണമുണ്ടാകുമോ?

Synopsis

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ദിലീപ് ചിത്രം രാമലീല ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. ബഹിഷ്‍കരണ ആഹ്വാനങ്ങൾക്കും പിന്തുണാ ഹാഷ്‍ടാഗുകള്‍ക്കുമൊക്കെ ഇടയിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നതെന്നതാണ് ഏറെ പ്രത്യേകത. ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയാണെന്നു പറയപ്പെടുന്ന ചിത്രത്തിന് ഇനിയും നിരവധി പ്രത്യേകതകളുണ്ട്.

ഇതുവരെ ഒരു ദിലീപ് ചിത്രത്തിനും ലഭിച്ചിട്ടില്ലാത്ത പ്രചരണമാണ് രാമലീലക്ക് ഇതുവരെ ലഭിച്ചത്. അതും വലിയ മുതല്‍മുടക്കൊന്നുമില്ലാതെ. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിനാണ് നായിക. പുലിമുരുകന്‍ എന്ന മെഗാഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകൻ പ്രതിനായകനായപ്പോൾ റിലീസ് പല തവണ നീണ്ടു. ജൂലായ് 21നാണ് ചിത്രത്തിന്‍റെ റിലീസ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജൂലായ് 10ന് അറസ്റ്റിലായി. ഇതോടെ ചിത്രത്തിന്‍റെ കാര്യം അനിശ്ചിതത്വത്തിലുമായി.

ഓണത്തിനു മുമ്പ് ദിലീപിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ ചിത്രത്തിന്‍റെ റിലീസിനൊപ്പം വലിയ ആഘോഷപരിപാടികളാണ് ഫാൻസ് അസോസിയേഷനുകള്‍ ആലോചിച്ചിരുന്നത്.  ജാമ്യം കിട്ടിയാൽ രാമലീലയിലൂടെ ഒരു റീ എൻട്രിയായിരുന്നു ദിലീപും പ്രതീക്ഷിച്ചിരുന്നത്. ഓണച്ചിത്രങ്ങളുടെ തിരക്ക് കഴിഞ്ഞാലുടൻ ചിത്രം പുറത്തിറക്കാനായിരുന്നു നീക്കം. താൻ ഗൂഡാലോചനയുടെ ഇരയെന്ന് സിനിമയിലൂടെ ബോധ്യപ്പെടുത്താനും ആലോചിച്ചിരുന്നു.ജാമ്യം കിട്ടിയശേഷം റിലീസ് മതിയെന്നായിരുന്നു ദിലീപും നിർമാതാക്കളെ അറിയിച്ചിരുന്നത്.  എന്നാൽ തുടര്‍ച്ചായി കോടതി ജാമ്യം  നിഷേധിച്ചതോടെ ഈ നീക്കങ്ങളെല്ലാം പാളി.

ഇതിനിടെ സിനിമക്കെതിരെ ബഹിഷ്‍കരണാഹ്വാനങ്ങള്‍ മുഴങ്ങി. സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കത്തിക്കണമെന്ന് വരെ ചിലര്‍ പറഞ്ഞു. തിയേറ്ററുകള്‍ തകര്‍ക്കണമെന്ന ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജി.പി രാമചന്ദ്രന്‍റെ പ്രസ്താവന വിവാദമായി. എന്നാല്‍ ദിലീപിനെയും ചിത്രത്തെയും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. അതില്‍ ദിലീപിന്‍റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരും സംവിധായകന്‍ ലാല്‍ ജോസുമൊക്കെ ഉള്‍പ്പെടും. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല, ഒരു സിനിമയും ഒരാളുടേത് മാത്രമല്ല, ഒരുപാടുപേരുടേതാണ് എന്നിങ്ങനെയായിരുന്നു മഞ്ജുവിന്‍റെ നിലപാടുകള്‍. സിനിമയോടൊപ്പം, അവനോടൊപ്പം എന്ന ഹാഷ്‍ടാഗോടെയാണ് ലാല്‍ ജോസ് സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്‍ത്. ആഷിഖ് അബു, ജോയ് മാത്യൂ , വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരും സിനിമയെ പിന്തുണച്ച് രംഗത്തെത്തി.

മലബാർ മേഖലയിൽ രാമലീല റിലീസ്‌ ചെയ്യുന്നത്‌ തടയാൻ ലിബർട്ടി ബഷീറിന്റെനേതൃത്വത്തിൽ ശ്രമം നടക്കുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്റെ ഭാഗമായ്‌ മലബാറിലെ പ്രമുഖ തിയറ്റർ ഉടമകളെ സ്വാധീനിച്ച്‌ രാമലീലയ്ക്ക്‌ ഡേറ്റ്‌ നൽകരുതെന്നും കളിച്ചാൽ തീയറ്റർ തച്ചു തകർക്കുമെന്നും പറഞ്ഞ്‌ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു വാർത്ത. ദിലീപിന്റെ ഫാൻസ് പേജിലും ഇതുസംബന്ധിച്ച് കുറിപ്പ് വരുകയുണ്ടായി. എന്നാൽ ഇങ്ങനെയൊരു ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ലിബർട്ടി ബഷീർ രംഗത്തെത്തി.
തന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിൽ രാമലീല പ്രദർശിപ്പിക്കുന്നുണ്ടെന്നും ഇക്കാര്യം വളരെ നേരത്തെ തന്നെ ദിലീപിനോടും സംവിധായകനോടും പറഞ്ഞിട്ടുള്ളതാണെന്നും ലിബർട്ടി ബഷീർ പറഞ്ഞതായും വാര്‍ത്തകള്‍ വന്നു.

അതിനിടെ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ടോമിച്ചൻ മുളകുപാടത്തിന്റെ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്‍തു.

എന്തായാലും ദിലീപിന്‍റെ ജീവിതത്തിലെ സമീപകാല സംഭവങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള ട്രെയിലറും പോസ്റ്ററും പാട്ടുമെല്ലാം റിലീസിന് മുമ്പേ പ്രേക്ഷകശ്രദ്ധ നേടി. ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രമായ രാമനുണ്ണി എംഎല്‍എ ആണ്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാമനുണ്ണി മറ്റൊരു മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുകയും അതിന് ശേഷമുണ്ടാവുന്ന രാഷ്ട്രീയ പകപോക്കലുകളുമാണ് സിനിമയുടെ ഇതിവൃത്തം. രാമനുണ്ണി ജയിലിലാണെന്നതും മറ്റൊരു പ്രത്യേകത.

എന്നാല്‍ സിനിമയ്ക്കു ദിലീപിന്റെ ജീവിതവുമായി പൂര്‍ണമായും സാമ്യമില്ലെന്നും അങ്ങനെയുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നുമാണ് സിനിമയുടെ തിരക്കഥാകൃത്ത് സച്ചി പറയുന്നത്. സിനിമയുടെ കഥ 10 മാസം മുമ്പ് തയ്യാറാക്കിയതാണെന്നും മനസില്‍ കഥ ആദ്യം രൂപപ്പെടുമ്പോള്‍ ദിലീപ് ആയിരുന്നില്ലെന്നും മറ്റൊരു പശ്ചാത്തലത്തിലുള്ള ചിത്രത്തിലേക്ക് പൃഥ്വിരാജിനെയാണ് പരിഗണിച്ചതെന്നും സച്ചി പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ദിലീപിന്‍റെ അഞ്ചാമത്തെ ജാമ്യാപേക്ഷ വിധി പറയാന്‍ കോടതി മാറ്റിവച്ചിരിക്കുകയാണ്. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചത്. പൊലീസ് പിടിച്ചാല്‍  മൂന്നുകോടി നല്‍കാമെന്നും ദിലീപ് പള്‍സര്‍ സുനിയോട് പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

രാമലീല തിയേറ്ററില്‍ ഓടുമ്പോള്‍ വീഡിയോ കോൺഫറൻസിംഗ് വഴി നായകന്‍റെ റിമാന്‍ഡ് പുതുക്കുന്ന നടപടികളാവും കോടതിയില്‍ നടക്കുക. രാവിലെ 11ന് അങ്കമാലി കോടതിയിലാകും നടപടികൾ.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഉണ്ട'യ്ക്ക് ശേഷം മമ്മൂട്ടി - ഖാലിദ് റഹ്മാൻ ടീം വീണ്ടുമൊന്നിക്കുന്നു? ; അപ്‌ഡേറ്റ്
'രാഷ്ട്രീയപ്പാർട്ടികളിൽ പൊതുജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടക്കുന്ന കാര്യങ്ങൾ മനോഹരമായി ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു'; പ്രതികരിച്ച് ജഗദീഷ്