'എംടി വിട്ടുവീഴ്ച നടത്തുമെന്ന് കരുതുന്നു'; രണ്ടാമൂഴം വിവാദത്തെക്കുറിച്ച് നിര്‍മ്മാതാവ്

By Web TeamFirst Published Oct 26, 2018, 12:20 PM IST
Highlights

മഹാഭാരതം സിനിമയാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അതിന് എംടിയുടെ തിരക്കഥ തന്നെ വേണമെന്നില്ലെന്നും ബി ആര്‍ ഷെട്ടി നേരത്തേ പ്രതികരിച്ചിരുന്നു.

രണ്ടാമൂഴം തിരക്കഥാ വിവാദത്തില്‍ രചയിതാവായ എംടി വിട്ടുവീഴ്‍ച നടത്തുമെന്ന് കരുതുന്നതായി ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്നും മഹാഭാരതകഥ ലോകം അറിയണമെന്ന ആഗ്രഹത്തോടെയാണ് അതിന് സമ്മതിച്ചതെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യത്തില്‍ എംടി അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് അഭിപ്രായമെന്നും.

എന്നാല്‍ എംടിയുമായി ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങളില്‍ ഇടപെടാനില്ലെന്നും ബി ആര്‍ ഷെട്ടി പറയുന്നു. മൂന്ന് മണിക്കൂര്‍ വീതമുള്ള രണ്ട് ഘട്ടങ്ങളായി 2020ഓടെ ചിത്രം പുറത്തിറക്കാനാണ് തന്‍റെ പദ്ധതിയെന്നും.

എന്നാല്‍ മഹാഭാരതം സിനിമയാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അതിന് എംടിയുടെ തിരക്കഥ തന്നെ വേണമെന്നില്ലെന്നും ബി ആര്‍ ഷെട്ടി നേരത്തേ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചിരുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയായിരിക്കുമോ എന്ന് പറയാനാവില്ലെന്നുപോലും അദ്ദേഹം അന്ന് പറഞ്ഞു. 

ബി.ആര്‍.ഷെട്ടി നേരത്തേ പറഞ്ഞത്

"കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് ഒരു കാര്യത്തില്‍ ഉറപ്പുണ്ട്. മഹാഭാരതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ ഞാന്‍ നിര്‍മ്മിക്കും. എന്നെ സംബന്ധിച്ച് അതാണ് പ്രധാനം. അല്ലാതെ രണ്ടാമൂഴം തിരക്കഥയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തിരക്കഥയോ എന്നതല്ല. ഞാനൊരു യഥാര്‍ഥ ഇന്ത്യക്കാരനാണ്. മുഴുവന്‍ ലോകത്തിനുമായാണ് ഞാനാ സിനിമ സമര്‍പ്പിക്കുക. അത് ചെയ്യാന്‍ കഴിയുന്നവര്‍ നിരവധിയുണ്ട്. അതിന് എം.ടിവാസുദേവന്‍ നായര്‍ തന്നെ വേണമെന്നില്ല. ഈ തിരക്കഥ തന്നെ വേണമെന്നില്ല എനിക്ക്."

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ ആയിരിക്കുമോ എന്ന ചോദ്യത്തിന് അത് ഈ ഘട്ടത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്നും ഷെട്ടി പറയുന്നു. 'പണമുണ്ടാക്കാനല്ല ഞാന്‍ മഹാഭാരതം സിനിമയാക്കുന്നത്. മറിച്ച് ഇന്ത്യയുടെ പാരമ്പര്യവും സംസ്‌കാരവും മുഴുവന്‍ ലോകത്തിനും ഗുണമാവുന്ന തരത്തില്‍ പ്രചരിപ്പിക്കാനാണ്.

click me!