പ്രിയപ്പെട്ട ജാലകത്തില്‍നിന്നും വീണു മരിക്കുമ്പോള്‍ അവള്‍ക്ക് കൈനിറയെ സിനിമകളുണ്ടായിരുന്നു

By Babu RamachandranFirst Published Feb 25, 2019, 5:27 PM IST
Highlights

ഇന്ന്  ദിവ്യാ ഭാരതിയുടെ ജന്മദിനം. അവൾക്ക് ആ ജനാലക്കൽ ചെന്നുനിന്ന് കാറ്റുകൊള്ളുന്നത് വളരെ ഇഷ്ടമായിരുന്നു. ഇടയ്ക്കിടെ അവൾ ആ ജനലിന്റെ അരമതിലിൽ പുറത്തേക്ക് കാലിട്ടിരുന്നും  കാറ്റുകൊള്ളുമായിരുന്നു. പലരും പലവുരു വിലക്കിയിട്ടുണ്ടെങ്കിലും ഇതുപോലുള്ള സാഹസികമായ പരിപാടികളിൽ ഏർപ്പെടുന്നത് അവൾക്ക്‌ എന്നുമൊരു ഹരമായിരുന്നു.. 

തൊണ്ണൂറുകളുടെ തുടക്കത്തിൽ ബോളിവുഡിൽ ഉദിച്ചുയർന്ന ഒരു യുവതാരമായിരുന്നു ദിവ്യഭാരതി. സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കെ അല്ലറ ചില്ലറ മോഡലിംഗ് ഒക്കെ ചെയ്തു ശ്രദ്ധിക്കപ്പെട്ടതോടെ  പഠിത്തത്തിൽ താത്പര്യം നഷ്ടപ്പെട്ട ദിവ്യ, ഒമ്പതാം ക്‌ളാസിൽ വെച്ച് സ്‌കൂൾ പഠനം ഉപേക്ഷിച്ച്  മുഴുവൻ സമയവും സിനിമാ മോഡലിങ്ങ് അസൈൻമെന്റുകളിൽ മുഴുകി. ബോളിവുഡിലെ എവർഗ്രീൻ ഹീറോയിൻ  ശ്രീദേവിയുമായുള്ള അപാരമായ രൂപസാമ്യം അവരെ പെട്ടെന്നുതന്നെ ഹിന്ദി സിനിമാ രംഗത്ത് ഒരു സെൻസേഷനായി മാറ്റി. 

വെങ്കടേഷുമൊത്ത് 'ബോബ്ബിലി രാജ' എന്ന ഒരു തെലുഗു ചിത്രത്തിലൂടെയാണ് ദിവ്യ അരങ്ങേറുന്നത്. പടം ആന്ധ്രയിൽ സൂപ്പർ ഹിറ്റായതോടെ ദിവ്യ പതുക്കെ ബോളിവുഡിലേക്കു ചുവടുമാറ്റി. അവിടെ 1992-ൽ സണ്ണി ദിയോളുമൊത്ത് 'വിശ്വാത്മാ' എന്ന ആക്ഷൻ ത്രില്ലറിൽ ദിവ്യാ ഭാരതി അരങ്ങേറി. അതും സാമാന്യം വിജയിച്ച  ഒരു സിനിമയായിരുന്നു. തുടർന്ന് ഡേവിഡ് ധവാന്റെ 'ഷോലാ ഔർ ശബ്ധ'ത്തിൽ ഗോവിന്ദയുടെ നായികയായും രാജ് കൻവറിന്റെ 'ദീവാന'യിൽ ഋഷി കപൂർ, അന്നത്തെ പുതുമുഖ നടനായിരുന്ന ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പവും അഭിനയിച്ചു ദിവ്യ. ആ സിനിമ അന്ന് ബോളിവുഡിൽ  ഒരു മെഗാ ഹിറ്റായിരുന്നു. ആ ഒരൊറ്റ വർഷം കൊണ്ട് ദിവ്യ പതിനാലു ഹിന്ദി സിനിമകളിൽ വേഷമിട്ടു. അത് ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം റെക്കോർഡ് നേട്ടമായിരുന്നു. പ്രായം കൊണ്ട് ടീനേജ് പിന്നിട്ടിരുന്നില്ലെങ്കിലും അവൾ ചെയ്തതത്രയും മുതിർന്ന വേഷങ്ങളായിരുന്നു. പിന്നീട് ഹേമാ മാലിനി സംവിധാനം ചെയ്ത ചിത്രം 'ദിൽ ആഷ്‌നാ ഹേ..' യിലും  ഷാരൂഖിന്റെ നായികയായി അഭിനയിച്ചു ദിവ്യ. 


തന്റെ പതിനെട്ടാം വയസ്സിൽ, 'ഷോലാ ഔർ ശബ്‌ന'ത്തിന്റെ സെറ്റിൽ വെച്ച്,  അന്നത്തെ പല ഗോവിന്ദാ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാതാവായിരുന്ന സാജിദ് നദിയാദ്‌വാലയുമായി ദിവ്യ പ്രണയത്തിലാവുകയും, അധികം താമസിയാതെ അവർ തമ്മിൽ വിവാഹിതരാവുകയും ചെയ്‌തു. വിവാഹത്തിന് ശേഷം ദിവ്യ, തന്റെ പേര് സന എന്ന് മാറ്റിയെങ്കിലും  ദിവ്യയുടെ ബോളിവുഡ് കരിയർ അതിന്റെ കൊടുമുടിയിൽ ആയിരുന്നതിനാൽ അവർ ആ വിവരം രഹസ്യമാക്കിത്തന്നെ വെച്ചു. നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്ന ബോംബേയിലെ പത്രങ്ങൾക്കുമുന്നിൽ തങ്ങളുടെ ബന്ധം നിഷേധിച്ചുകൊണ്ടിരുന്നു.  സാജിദ് ദിവ്യയ്ക്ക് വെർസോവയിൽ ഒരു ഫ്‌ലാറ്റെടുത്ത് നൽകി, തുളസി അപ്പാർട്ട്മെന്റ്.  ദിവ്യയുടെ ഫ്ലാറ്റ് അതിന്റെ അഞ്ചാം നിലയിലായിരുന്നു . 

അപകടം നടക്കുന്നതിന്റെ തലേന്ന് ഒരു സിനിമയുടെ ഷൂട്ടിങ്ങിൽ പങ്കുകൊണ്ട ശേഷം ചെന്നൈയിൽ നിന്നും മടങ്ങിയെത്തിയതേയുണ്ടായിരുന്നുള്ളൂ  ദിവ്യ. അടുത്തദിവസം അവൾക്ക് മറ്റൊരു ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക് പോവാനുമുണ്ടായിരുന്നു.  മുംബയിൽ ഒരു ഫ്‌ലാറ്റ് സ്വന്തമായി വാങ്ങുക എന്നത് ദിവ്യയുടെ ചിരകാലാഭിലാഷമായിരുന്നു.  ബാന്ദ്ര എന്ന കുറേക്കൂടി പോഷ് ആയ ഏരിയയിൽ ഒരു 4BHK  അപ്പാർട്ട്മെന്റ് പകൽ ദിവ്യ പോയി നോക്കി. ഇഷ്ടപ്പെട്ടു. അതിന്റെ ഡീൽ ഉറപ്പിച്ചു.  ആകെ നല്ല സന്തോഷ മൂഡിലായിരുന്നു ആ വൈകുന്നേരം ദിവ്യ.

വൈകുന്നേരമായപ്പോൾ സാജിദിന്റെ അടുത്ത പടമായ 'ആന്ദോളനി'ന്റെ വസ്ത്രാലങ്കാരം നിർവഹിച്ചിരുന്ന പ്രസിദ്ധ ഡിസൈനർ നീതാ ലുള്ളയും അവരുടെ ഭർത്താവും സൈക്കാട്രിസ്റ്റുമായ ശ്യാം ലുള്ളയും കൂടി ദിവ്യയെക്കാണാൻ അപ്പാർട്ട്മെന്റിൽ വരുന്നു. അവർ സഹപ്രവർത്തകരെന്നതിലുപരി കുടുംബസുഹൃത്തുക്കൾ കൂടിയായിരുന്നു. അവർ തമ്മിൽ സംസാരിച്ചിരിക്കെ, ദിവ്യ ഒരു സ്കോച്ചിന്റെ കുപ്പി തുറന്ന് മൂന്നുപേർക്കും പകർന്നു.കുഞ്ഞുന്നാൾ മുതൽ ദിവ്യയെ നോക്കിയ അവളുടെ പ്രിയപ്പെട്ട ആയ അമൃതയായിരുന്നു ആ സമയത്ത് ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഒരേയൊരാൾ. അവരാണെങ്കിൽ,  അടുക്കളയിൽ   അതിഥികൾക്കു വേണ്ടി എന്തോ പലഹാരമുണ്ടാക്കിക്കൊണ്ടിരിക്കയായിരുന്നു. അടുക്കളയിൽ അമൃതയും ദിവ്യയും തമ്മിൽ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കെ,  നീതയും ഭർത്താവും ഹാളിൽ  ടിവി കണ്ടുകൊണ്ടിരുന്നു. 

ദിവ്യയുടെ ഫ്ളാറ്റിലെ അടുക്കളയ്ക്ക് വലിയൊരു സ്ലൈഡിങ്ങ് വിൻഡോ ഉണ്ടായിരുന്നു.  മറ്റു ഫ്ലാറ്റുകളിൽ നിന്നും വ്യത്യസ്തമായി അതിന്റെ ഗ്രില്ലുകൾ നീക്കം ചെയ്തിരുന്നു.  ദിവ്യയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു അങ്ങനെ ചെയ്തത്. അവൾക്ക് ആ ജനാലക്കൽ ചെന്നുനിന്ന് കാറ്റുകൊള്ളുന്നത് വളരെ ഇഷ്ടമായിരുന്നു. ഇടയ്ക്കിടെ അവൾ ആ ജനലിന്റെ അരമതിലിൽ പുറത്തേക്ക് കാലുമിട്ടിരുന്നും കാറ്റുകൊള്ളുമായിരുന്നു. പലരും പലവുരു വിലക്കിയിട്ടുണ്ടെങ്കിലും ഇതുപോലുള്ള സാഹസികമായ പരിപാടികളിൽ ഏർപ്പെടുന്നത് അവൾക്ക്‌ എന്നുമൊരു ഹരമായിരുന്നു.. 

രണ്ടു പെഗ്ഗ് കഴിച്ചു കഴിഞ്ഞപ്പോൾ പതിവുപോലെ  ദിവ്യയ്ക്ക് ആവേശമായി. അവൾ എന്നുമെന്നപോലെ അന്നും ജനാലയുടെ സ്ലൈഡിങ്ങ് ഡോർ തുറന്ന് ജനൽപ്പടിയിൽ പുറത്തേക്ക് കാലുമിട്ടിരുന്നു. അവിടെ കാലും ആട്ടിയിരുന്നുകൊണ്ട് അമൃതയോട് ഉച്ചത്തിൽ വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു. അൽപനേരം അങ്ങനെ ഇരുന്നപ്പോഴാണ് ദിവ്യയ്ക്ക് വീട്ടിൽ വിരുന്നുകാരുണ്ടല്ലോ എന്നോർമ്മവരുന്നത്. പെട്ടന്നൊരു ചമ്മൽ ദിവ്യയെ ആവേശിച്ചു. പെട്ടെന്നവൾ ഇരുന്നിടത്തു നിന്നും ഒരുകൈ കുത്തി എണീറ്റ്, സ്ലൈഡിങ്ങ് ഡോറിൽ പിടിച്ചു തിരിഞ്ഞ് എണീറ്റ് നിൽക്കാൻ ശ്രമിച്ചു. എഴുന്നേൽക്കാൻ ശ്രമിച്ച  അതേ നിമിഷം അവളുടെ കൈ സ്ലിപ്പായിപ്പോയി.  അവളുടെ ബാലൻസ്  തെറ്റി വീണുപോയ അവൾ നിമിഷനേരം കൊണ്ട് അഞ്ചുനിലകളും താണ്ടി താഴെയെത്തി. സാധാരണയായി, നേരെ താഴെ ഒരു കാർ പാർക്ക് ചെയ്യാറുണ്ടായിരുന്നു. അന്ന് ആ കാറും അവിടെയുണ്ടായിരുന്നില്ല. നേരെ കോൺക്രീറ്റ് തറയിൽ ചെന്ന് തലയടിച്ചു വീണ ദിവ്യാ ഭാരതി, സ്വന്തം ചോരയിൽ കുളിച്ചു കിടന്നു. അപകടം നടന്നയുടൻ തൊട്ടടുത്തുള്ള കൂപ്പർ ആസ്പത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 


അപകടമരണം നടന്നപാടേ, പതിവുപോലെ മുംബൈയിലെ പാപ്പരാസികൾ  ദിവ്യയുടെ മൂഡ് സ്വിങ്സിനെയും സാജിദുമായുള്ള ബന്ധത്തിലെ വിള്ളലുകളെയും ഒക്കെ ചേർത്ത് നിരവധി കൺസ്പിരസി തിയറികൾ മെനഞ്ഞെങ്കിലും, പൊലീസ് അപകടമരണം സ്ഥിരീകരിച്ചു. സാജിദും ദാവൂദ് ഇബ്രാഹിമുമായുള്ള അധോലോക ബന്ധങ്ങൾ വരെ നിരത്തി പല കഥകളും മെനഞ്ഞുണ്ടാക്കപ്പെട്ടു. എങ്കിലും അതൊരു അപകട മരണമല്ല എന്ന് സംശയം തോന്നിക്കുന്ന കാര്യമായ സാഹചര്യത്തെളിവുകൾ യാതൊന്നും തന്നെ കിട്ടിയില്ല

 ദിവ്യയുടെ അവിചാരിതമായ അപകടമരണം നടക്കുന്ന സമയത്ത് അവൾ അഭിനയിച്ചു പാതി നിർത്തിയ പല ചിത്രങ്ങളുമുണ്ടായിരുന്നു. അവയുടെ നിർമാതാക്കൾക്ക് ദിവ്യയുടെ മരണം കനത്ത സാമ്പത്തികനഷ്ടമാണ് വരുത്തിവെച്ചത്. അങ്ങനെ കൈനിറയെ സിനിമകളുമായി, ശ്രീദേവിയെ ഓർമിപ്പിക്കുന്ന അംഗചലനങ്ങളും ശരീരഭാഷയും, അസാമാന്യമായ അഭിനയശേഷിയുമായി ബോളിവുഡിൽ ഉദിച്ചുയർന്നു വന്ന ആ സുവർണ്ണതാരം അന്ന് രാത്രിയിലുണ്ടായ അപകടത്തിൽ അകാലത്തിൽ പൊലിയുകയായിരുന്നു.  ഇന്ന്  ദിവ്യാ ഭാരതിയുടെ ജന്മദിനം 

click me!