മനോഹര്‍ പരീക്കറിന് ബോളിവുഡിന്റെ വികാരനിര്‍ഭരമായ യാത്രയയപ്പ്. അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, അക്ഷയ് കുമാര്‍, ഹേമ മാലിനി തുടങ്ങി നിരവധിപേര്‍ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജ്യം ഇന്ന് ദുഃഖാചരണത്തില്‍.
ദില്ലി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് (63) അന്ത്യാഞ്ജലിയര്‍പ്പിച്ച് ബോളിവുഡ് താരനിര. പെരുമാറ്റത്തിലും പ്രവര്‍ത്തനത്തിലും ലാളിത്യം കാത്തുസൂക്ഷിച്ച ജനപ്രിയനായിരുന്നു മനോഹര്‍ പരീക്കര്‍. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, ഹേമ മാലിനി, സഞ്ജയ് ദത്ത് തുടങ്ങിയ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.
വളരെ കുറച്ച് സമയം മാത്രമേ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചിട്ടുള്ളുവെങ്കിലും പെരുമാറ്റത്തിലെ ലാളിത്യം കൊണ്ട് പരീക്കര്‍ തന്നെ ആകര്‍ഷിച്ചതായി അമിതാഭ് ബച്ചന്‍ പറഞ്ഞു. ക്യാന്‍സറിനെ അദ്ദേഹം ധീരമായി നേരിട്ടതായും ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.
മനോഹര്‍ പരീക്കറിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അനുപം ഖേര്‍ അദ്ദേഹത്തെ അനുസ്മരിച്ചത്. പരീക്കറുടെ ലാളിത്യം തന്നെയാണ് അനുപം ഖേറും ഏറ്റവുമധികം പുകഴ്ത്തുന്നത്.
ഗോവയുടെ ഏറ്റവും സമര്‍ത്ഥനായ മുഖ്യമന്ത്രിമാരിലൊരാളായിട്ടാണ് ഹേമ മാലിനി മനോഹര്‍ പരീക്കറെ ഓര്‍ക്കുന്നത്. വ്യക്തിപ്രഭാവം കൊണ്ട് പാര്‍ട്ടിക്കതീതമായ ബന്ധങ്ങളുണ്ടാക്കിയ നേതാവായിരുന്നു അദ്ദേഹമെന്നും ഹേമ മാലിനി കുറിച്ചു.
മനോഹര്‍ പരീക്കറിനെ കാണാനും പരിചയപ്പെടാനും സാധിച്ചത് ഭാഗ്യമായി കരുതുന്നതായി നടന്‍ അക്ഷയ് കുമാര്‍.
മറ്റനേകം താരങ്ങളും പരീക്കറിന് ആദരമര്‍പ്പിച്ചു.
ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ ഇന്നലെയാണ് മനോഹര്‍ പരീക്കര്‍ അന്തരിച്ചത്. ഒരു വര്‍ഷത്തിലേറെയായി പാന്‍ക്രിയാറ്റിക്ക് കാന്‍സറിനോട് പൊരുതുകയായിരുന്നു അദ്ദേഹം. എംഎല്‍എ സ്ഥാനത്തെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഐഐടിക്കാരനായിരുന്നു പരീക്കര്‍. നാല് തവണ ഗോവയുടെ മുഖ്യമന്ത്രിയായിരുന്നു.
