
മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് റിമ കല്ലിങ്കൽ. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റിമ നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സജിൻ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി ആണ് റിമയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ആളുകൾ തന്നെ മറന്നതായി തോന്നുന്നില്ലെന്നും ഇൻഡസ്ട്രിയുടെ ഉള്ളിലാണ് അത് സംഭവിച്ചതെന്നും തുറന്ന്പറഞ്ഞ് റിമ കല്ലിങ്കൽ. തനിക്ക് എപ്പോഴും പ്രേക്ഷകരുടെ കയ്യിൽ നിന്നും സ്നേഹം മാത്രമേ കിട്ടിയിട്ടുള്ളൂ എന്നും റിമ കൂട്ടിച്ചേർത്തു.
"ആളുകളല്ല എന്നെ മറന്നത്, ഇൻഡസ്ട്രിയുടെ ഉള്ളിലാണത് സംഭവിച്ചത്. ആളുകൾ എന്നെ മറന്നിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ എവിടെപ്പോയാലും ആളുകളുടെ സ്നേഹമെനിക്ക് കിട്ടാറുണ്ട്. എന്റെ കയ്യിൽ പിടിച്ച് സംസാരിക്കുന്ന ആളുകളാണ് എവിടെ ചെന്നാലും. എനിക്ക് സ്നേഹം മാത്രമേ പ്രേക്ഷകരുടെ കയ്യിൽ നിന്ന് കിട്ടിയിട്ടുള്ളൂ. ട്രോൾ കിട്ടിയിട്ടുണ്ട് നല്ല രീതിയിൽ. അത് പോലും ടാർഗറ്റഡ് ആയി, പെയ്ഡ് ആണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരേ സംഭവത്തിൽ തന്നെ ട്രോളുകൾ വരുമ്പോൾ, കുറച്ചു കഴിയുമ്പോൾ നമുക്ക് മനസിലാകുമല്ലോ. ഇന്നിപ്പോൾ ആരെങ്കിലും മോശമായി വന്ന് സംസാരിച്ച് കഴിഞ്ഞാൽ ഞാൻ ഒന്നും പറയണ്ട പോലും ആവശ്യമില്ല" ഇന്ത്യൻ എക്സ്പ്രസ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റിമയുടെ പ്രതികരണം.
അതേസമയം ഒക്ടോബർ 16-നാണ് തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി റിലീസ് ചെയ്യുന്നത്. ഒക്ടോബർ 7ന് ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെത് എന്നാണ് ലഭിക്കുന്ന വിവരം.
റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. 'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബുവിന്റെ തനതും ശക്തവുമായ സിനിമാശൈലി ഈ ചിത്രത്തിലും കാണാൻ സാധിക്കും. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമിച്ച ചിത്രത്തിന്റെ സഹനിർമാണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് കോട്ടായി ആണ്.
ഛായാഗ്രഹണം- ശ്യാമപ്രകാശ് എം എസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, സംഗീതം- സയീദ് അബ്ബാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോർ, മേക്കപ്പ്- സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്, സ്ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്ട്രിബൂഷൻ- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റർ- അരുൺ സോൾ, കളറിസ്റ്റ്- ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ- ഷിബിൻ കെ കെ, ഓൺലൈൻ പ്രൊമോഷൻസ്- വിപിൻ കുമാർ, വി എഫ് എക്സ്- 3 ഡോർസ്, സംഘട്ടനം- അഷറഫ് ഗുരുക്കൾ, സ്റ്റീൽസ്- ജിതേഷ് കടക്കൽ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ