
'ലോക' സിനിമ കണ്ടിറങ്ങുമ്പോൾ പഴങ്കഥകളിൽ കേട്ടിട്ടുള്ള കളിയങ്കാട്ട് നീലിയെ കുറിച്ച് ഓർക്കാത്തവർ ഉണ്ടാവില്ല.സിനിമയിൽ പറയുന്നത് പോലെ ചന്ദ്രയുടെ കഥയല്ല ശരിക്കും നീലിയുടേത്. പണ്ടത്തെ തിരുവിതാംകൂറിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു യുവതിയുടെ കഥയാണ് പിൽകാലത്ത് പേടിപ്പെടുത്തുന്ന യക്ഷി കഥയായി മാറിയത്. തമിഴ്നാട്ടിൽ നീലിക്കായി കോവിലുകളുമുണ്ട്. ചരിത്രകാരന്മാരുടെ ഈ നീലിയല്ല വിശ്വാസികളുടെ നീലി.
തമിഴ്നാട്ടിലേക്ക് കയറുമ്പോൾ നീലി യക്ഷിയല്ല, ദേവിയാണ്. തിരുവനന്തപുരത്തിന് 70 കി.മീ തെക്ക് നാഗർകോവിലിൽ പാർവതിപുരത്താണ് കള്ളിയങ്കാട് എന്ന പഞ്ചവൻകാട്. അവിടെയാണ് നീലിയെ കുടിയിരിത്തിരിക്കുന്ന നീലിയമ്മൻ ക്ഷേത്രം. പ്രാർത്ഥനകൾ കേൾക്കുന്ന, സങ്കടങ്ങൾക്ക് പരിഹാരം കാണുന്ന, സ്ത്രീകളെ കാക്കുന്ന എന്തിനും പോന്ന ദേവിയാണ് ഇവിടെ നീലിയമ്മൻ.
നാഞ്ചിനാട്ടിലേക്ക് കയറുമ്പോൾ നീലിയുടെ കഥ മാറും. കേരളത്തിൽ നിന്ന് കടമറ്റത്ത് കത്തനാർ ആവാഹിച്ച് കൊണ്ടുവന്നതാണ് നീലിയെ. നാഗർകോവിലിൽ പലയിടങ്ങളിലും നീലിക്കായി കോവിലുകളുണ്ട്. കനിഞ്ഞാൽ ദേവി,കോപിച്ചാൽ നീലി ഉഗ്രരൂപിണി എന്നാണ് വിശ്വാസം. കല്യാണം നടക്കാൻ, മക്കളുണ്ടാകാൻ ഒക്കെ വിശ്വാസികൾ നീലിയെ തേടിയെത്തും. അപ്പോഴും പേടിപ്പിക്കുന്ന കഥകൾക്ക് ഇക്കാലത്തും കുറവൊന്നുമില്ല. ലോക സിനിമയ്ക്ക് പിന്നാലെ നീലിയമ്മൻ കോവിൽ തേടിയെത്തുന്നവർ ധാരാളമാണ്. കഥകളിലെയും സിനിമയിലെയിലെയും നീലി വ്യത്യസ്തമാണ്. ചരിത്രവും മിത്തും നീലിയെ പലതായി വ്യാഖാനിക്കുമ്പോൾ ആരായിരുന്നു നീലിയെന്ന അന്വേഷണം ഇനിയുള്ള കാലവും തുടരും.