
രുസ്വ എന്ന ഉറുദു വാക്കിനര്‍ഥം കളങ്കപ്പെട്ടത് എന്നാണ്. അങ്ങനെയൊരു സംഭവം തന്നെയാണ് സമൂഹത്തിന്റെ നേര്‍ക്കാഴ്‍ചയിലേക്ക് രുസ്വ എന്ന ഹ്രസ്വ ചിത്രം തുറന്നുവയ്‍ക്കുന്നതും.
ഒരു പെണ്‍കുട്ടി ബലാല്‍സംഗത്തില്‍ കൊല്ലപ്പെടുന്നു. അതിന് ഉത്തരവാദിയായ ഒരുവന്‍ പ്രായപൂര്‍ത്തിയാകാത്തവന്‍ എന്ന ഒറ്റക്കാരണത്താല്‍ ശിക്ഷിക്കപ്പെടുന്നില്ല. അങ്ങനെ ശിക്ഷകളില്‍ നിന്ന് രക്ഷപ്പെട്ട അവന്‍ നമുക്കിടയില്‍ ഉണ്ട്. നമ്മളെപ്പോലെ ഉടുത്ത്, ഒരുങ്ങി, ഭക്ഷണം കഴിച്ച്, വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും എല്ലാത്തില്‍ നിന്നും ഒന്നുമറിയാത്തവനെപോലെ ഒഴിഞ്ഞ്, എന്നാല്‍ പലയിടങ്ങളിലും നമ്മളെപ്പോലെ നിസംഗതയോടെ നടന്നുനീങ്ങുന്നുണ്ട്. രുസ്വ കാട്ടിത്തരുന്ന കറുത്ത കാഴ്‍ച അതാണ്. മാത്രവുമല്ല പൊലിഞ്ഞുപോയ സ്വപ്‍നങ്ങളെക്കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ വിലപിക്കുമ്പോള്‍ ഉള്ളില്‍ ഒരു നോവ് ബാക്കിവയ്‍ക്കുകയും ചെയ്യുന്നു, രുസ്വ.
രുസ്വ എന്ന ഹ്രസ്വ ചിത്രം ഉന്നയിക്കുന്ന ചില ചോദ്യങ്ങളുമുണ്ട്.
കളങ്കപ്പെട്ടത് ഒരു പെണ്‍ശരീരം മാത്രമായിരുന്നോ? അതോ അവളുടെ സ്വപ്‍നങ്ങള്‍ക്കാണോ കളങ്കം വീണത്? അതുമല്ല നമുക്കിടയില്‍ നമ്മളെപ്പോലെ നടന്നുപോകുന്ന അവനാണോ സമൂഹത്തിന്റെ കളങ്കം? അവനെ വെറുതെവിട്ട നമ്മുടെ നിയമങ്ങള്‍ ഇനിയവന്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള കളങ്കങ്ങളെയല്ലേ ചങ്ങലയിടാതെ വിട്ടത്? സന്ധ്യകഴിഞ്ഞാല്‍ സുരക്ഷയില്ലാത്ത സാമൂഹ്യപശ്ചാത്തലത്തില്‍ കഴിയുന്ന നമുക്കുള്ളിലും ഇല്ലേ ഈ കളങ്കം? ഇനിയുമിനിയും ആവര്‍ത്തിക്കപ്പെടുന്ന ബലാല്‍സംഗങ്ങള്‍ക്കുത്തരവാദി നമ്മള്‍ വളര്‍ത്തിയെടുക്കുന്ന ഈ സമൂഹംതന്നെയല്ലേ?
ഹ്രസ്വചിത്രങ്ങളുടെ പരിമിതിയും സാധ്യതയും സമയം തന്നെയാണ്. ഇത്തരത്തില്‍ ഗൗരവമേറിയ ഒരു വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ചുരുങ്ങിയ സമയത്തില്‍ കുറെയേറെ പറയേണ്ടി വരുന്നു. നീളം കൂടാതെയും കുറയാതെയും ചിത്രം ആശയം വിനിമയം ചെയ്യുമ്പോള്‍ അഭിനന്ദിക്കപ്പെടേണ്ടത് സംവിധായകന്റെ കയ്യടക്കം തന്നെയാണ്. കാമ്പുള്ള കഥ അഥവാ ആശയം തെരഞ്ഞെടുത്താല്‍ തന്നെയും ക്രാഫ്റ്റ് നല്ലതായില്ലെങ്കില്‍ പാളിപ്പോയേക്കാവുന്ന സാധ്യത മുഴനീളന്‍ ചിത്രങ്ങളെക്കാള്‍, സമയപരിമിതിയുള്ള ഹ്രസ്വചിത്രങ്ങളില്‍ കൂടുതലാണ്. കഥ മനസ്സില്‍ കണ്ടപ്പോള്‍ തന്നെ അതിലെ ഓരോ ഫ്രെയിമും വരച്ചിരുന്നിരിക്കണം തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഷമീം അഹമ്മദ്. ഇന്ത്യക്ക് അകത്തും പുറത്തും അംഗീകാരങ്ങള്‍ നേടിയ രുസ്വയെക്കുറിച്ച് സംവിധായകന് അഭിമാനിക്കാം. മികവോടെ ഫ്രെയിമുകള്‍ ഒരുക്കിയ ക്യാമറാമാന്‍ ആന്റണി ജോയ്‍ക്കും കയ്യടി.
ഒരു ഓടക്കുഴലിന്റെ മാത്രം സംഗീതത്തില്‍ തുടങ്ങി പലയിടങ്ങളില്‍ ശബ്‍ദ കോലാഹലങ്ങള്‍ വന്നുപോകുമ്പോഴും പുരോഗമിക്കുന്ന ചിത്രത്തില്‍ എടുത്തുപറയേണ്ടതാണ് പശ്ചാത്തലസംഗീതം. കിറുകൃത്യം വെട്ടിത്തിരുത്തിയ എഡിറ്റിംഗ്, ഗ്രാഫിക്സ്, അഭിനേതാക്കള്‍ എല്ലാം ചിത്രത്തിന് മാറ്റുകൂട്ടുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ