സോഷ്യൽ മീഡിയ താരമായ മീത്ത് മിറിയിലെ മിഥുൻ തന്‍റെ മുൻ ഹോട്ടൽ ജോലിയെക്കുറിച്ച് നടത്തിയ പരാമർശങ്ങളില്‍ വിമര്‍ശനം

സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ് മീത്ത് മിറി കപ്പിള്‍സ്. കോമഡി റീല്‍സും ഡാന്‍സ് വീഡിയോകളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളുമൊക്കെയാണ് ഇവരുടെ കോണ്ടെന്റ്. മിഥുന്‍, റിതുഷ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ താൻ മുൻപ് ചെയ്തിരുന്ന ജോലിയെക്കുറിച്ച് മിഥുൻ പറഞ്ഞിരുന്നു. ഹോട്ടൽ മാനേജ്മെന്റ് പഠിച്ചതിനു ശേഷം ജോലിക്കു ചെന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ പാത്രം തുടയ്ക്കാനാണ് ആദ്യം ഏൽപിച്ചതെന്നും രണ്ട് കച്ചറ തുണിയും തന്ന് പറഞ്ഞുവിടുകയുമായിരുന്നു എന്നാണ് മിഥുൻ പറഞ്ഞത്. പുറത്തു നിന്നു കാണുന്നതുപോലെയല്ല ഈ ജോലിയെന്നും മിഥുൻ പറഞ്ഞിരുന്നു.

വിമര്‍ശനവുമായി സജിത്ത് കുമാര്‍

ഈ വിഷയത്തിൽ മിഥുനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ഷെഫ് സജിത്ത് കുമാർ. ''ഹോട്ടൽ ഇൻഡസ്ട്രിയെ പുച്ഛിക്കുന്നതു പോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ഒരു ഹോട്ടലിലും പ്ലേറ്റ് തുടയ്ക്കാൻ അത്തരം കച്ചറ തുണികൾ കൊടുക്കില്ല. എന്റെ അറിവും അനുഭവ സമ്പത്തും വെച്ചിട്ടാണ് ഞാനീ പറയുന്നത്. ഗസ്റ്റ് കഴിക്കുന്ന പ്ലേറ്റ് നല്ല തുണി വെച്ചിട്ടായിരിക്കും തുടയ്ക്കുന്നത്.

തുടക്കത്തിൽ ഒരു സർവീസോ വെയ്റ്ററോ ആണെങ്കിൽ എന്തായാലും പ്ലേറ്റ് തുടച്ചു തന്നെയായിരിക്കും തുടങ്ങുന്നത്. ഷെഫ് ആകുന്നയാളും ആദ്യം ഉള്ളി മുറിച്ചും ബാക്കിയുള്ള കാര്യങ്ങൾ ചെയ്തിട്ടുമൊക്കെയാണ് ഷെഫ് ആകുന്നത്. ഏതു ജോലിക്കും അതിന്റേതായ കഷ്ടപ്പാടുകളുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾ ഹോട്ടൽ ഇൻഡസ്ട്രിയെ പുച്ഛിച്ച് സംസാരിക്കുന്നതു പോലെയാണ് തോന്നിയത്. ഈ മേഖലയിലേക്ക് വരാൻ ആഗ്രഹിച്ചു നിൽക്കുന്ന ഒരുപാട് കുട്ടികളുണ്ട്. അവരെയൊക്കെ നിരുൽസാഹപ്പെടുത്തുന്നതാണ് ഈ വീഡിയോ. ഈ മേഖലയിൽ നിന്നാണ് ഞാനും അന്നം വാങ്ങുന്നത്. താങ്കൾക്ക് ഇഷ്ടമല്ലെങ്കിൽ അതിനെ പുച്ഛിച്ചു സംസാരിക്കരുത്'', സജിത്ത് കുമാർ വീഡിയോയിൽ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming